സാമൂഹ്യ പ്രാതിനിധ്യത്തിന്‍റെ രാഷ്ട്രീയം ചർച്ച ചെയ്ത് സോളിഡാരിറ്റി റെപ്രസെന്റേഷൻ കോൺക്ലേവ്

കോഴിക്കോട് : അധികാരം, ജനസംഖ്യ, വിഭവങ്ങൾ എന്ന തലക്കെട്ടിൽ റെപ്രസെന്റേഷൻ കോൺക്ലേവ് സംഘടിപ്പിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. മുസ്‌ലിം സമുദായത്തിന്റെ യഥാർത്ഥ സാമൂഹികാവസ്ഥ ഡാറ്റകളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മ വിശകലനം ചെയ്യുകയായിരുന്നു കോൺക്ലേവിലൂടെ. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടുന്നുവെന്ന തെറ്റായ പ്രചാരണങ്ങൾ സജീവമാണ്.

സച്ചാർ-നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടുകൾ നിലവിലുണ്ടെങ്കിലും, കൃത്യമായ വിവരങ്ങളുടെ അഭാവം പലപ്പോഴും വ്യാജ പൊതുബോധങ്ങൾ നിർമ്മിക്കാൻ കാരണമാകുന്നു. ഈയൊരു സാഹചര്യത്തിലാണ് 1956 മുതലുള്ള അധികാര, വിദ്യാഭ്യാസ, പബ്ലിക് സർവീസ് മേഖലകളിലെ സമുദായ പ്രാതിനിധ്യം വിലയിരുത്തുന്നതിനായി സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ 'റപ്രസന്റേഷൻ കോൺക്ലേവ്' സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റിന്റെ നികുതിപ്പണത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും നുണകൾ പ്രചരിപ്പിക്കപ്പെടുമ്പോൾ, ഭരണകൂടം മൗനം പാലിക്കുന്നത് ആ വിദ്വേഷ പ്രചാരണത്തിൽ അവർ പങ്കാളികളാകുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്പ്മെന്റ് ചെയർമാൻ ഡോ. എസ് ഇരുദയ രാജൻ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ ജനന-മരണ നിരക്ക് കുറയുകയും വലിയ രീതിയിലുള്ള കുടിയേറ്റ പ്രവണത വർധിക്കുകയും ചെയ്യുന്നത് കേരളത്തിന്റെ ഭാവിയെ വലിയ രീതിയിൽ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ കേരളം അതിവിദൂരമല്ലാത്ത ഭാവിയിൽ വൃദ്ധരുടെ നാടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചു സെഷനുകളിലായി ഇരുപതോളം വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാധ്യമം-മീഡിയ വൺ ഗ്രൂപ്പ്‌ എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമം എഡിറ്റർ വി. എം ഇബ്രാഹീം, ജോയിന്റ് എഡിറ്റർ പി. ഐ നൗഷാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി നാസർ, കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. കെ. എം സജാദ് ഇബ്രാഹീം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ്, മീഡിയ വൺ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ എൻ പി. ജിഷാർ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, സാമൂഹ്യ പ്രവർത്തകരായ ഒ. പി. രവീന്ദ്രൻ, സുദേഷ് എം രഘു, മീഡിയവൺ അക്കാഡമി പ്രിൻസിപ്പൽ ഡോ. സാദിഖ്‌ പി.കെ, ഡോ.വി.എം ബദീഉസമാൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അഷ്‌റഫ്‌ വാളൂർ, ഡോ. ഇർഫാൻ അലി കെ.സി, ഡോ. ജാഫർ കെ, ഡോ. നൂറുന്നിദ, ഡോ. അനസ് പി. അബൂബക്കർ, ഡോ. ലിംസീർ അലി, ഡോ. ഷാഹുൽ നൂറാനി എഴുത്തുകാരായ ശരീഫ് സാഗർ, ബഷീർ തൃപ്പനച്ചി എന്നിവർ പേപ്പറുകൾ അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ ഗവേഷകരും അകാഡമിസ്റ്റുകളും പങ്കെടുത്തു.

Tags:    
News Summary - Solidarity Representation Conclave discusses the politics of social representation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.