വേളാങ്കണ്ണി തിരുന്നാൾ: സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

കൊല്ലം: വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എറണാകുളം–പുനലൂർ വഴി ഒരു ട്രെയിനും തിരുവനന്തപുരം–നാഗർകോവിൽ വഴി മറ്റൊരു ട്രെയിനുമാണ് അനുവദിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ പുനലൂർ വഴിയുള്ള ട്രെയിനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

തെക്കൻ കേരളത്തിലെ തീർഥാടകർക്ക് വേളാങ്കണ്ണിയിലേക്ക് കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനായി തിരുവനന്തപുരം ഭാഗത്തുനിന്നും പ്രത്യേക സർവീസ് ആരംഭിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്​ എം.പി റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പുതിയ സർവീസ് അനുവദിച്ചത്.

എറണാകുളത്തു നിന്നും രാത്രി 11.55 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ച കഴിഞ്ഞ് 03.15ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ആഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 എന്നീ തീയതികളിലാണ് എറണാകുളത്തു നിന്നുള്ള സർവീസ് ഉണ്ടായിരിക്കുന്നത്.

തിരിച്ചുള്ള യാത്ര വേളാങ്കണ്ണിയിൽ നിന്ന് ആഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ പകൽ 11.55-ന് ആരംഭിക്കും. എസി ഉൾപ്പെടെ 18 കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്. മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട, കൊട്ടാരക്കര, ആവണീശ്വരം എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

അതേസമയം, തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച കഴിഞ്ഞ് 03.15ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 3.55-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ആഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് എന്നീ തീയതികളിലാണ് ഈ സർവീസ് ഉണ്ടായിരിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്ന് രാത്രി 7.30-ന് പുറപ്പെടുന്ന തിരിച്ചുള്ള സർവീസ് ആഗസ്റ്റ് 28, സെപ്റ്റംബർ നാല് എന്നീ തീയതികളിൽ ഉണ്ടായിരിക്കും.

Tags:    
News Summary - Velankanni Thirunal: Special trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.