ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒരു കോടി കഴിഞ്ഞുവെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായെന്ന് മന്ത്രി വീണ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.

ഇതുവരെ 1,00,00,475 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ ഇതില്‍ 19.86 ശതമാനം (19,86,398) പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തി. കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാന്‍സര്‍ സ്‌ക്രീനിംഗിലൂടെ 6.38 ശതമാനം പേരെ (6,38,882) കാന്‍സര്‍ സാധ്യത കണ്ടെത്തി കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്തു.

പ്രമേഹം, രക്താതിമര്‍ദ സാധ്യതയുള്ള വ്യക്തികളുടെ സബ്‌സെന്റര്‍തല സ്‌ക്രീനിംഗ് നടത്തി പ്രമേഹത്തിന്റെ അളവും രക്തസമ്മര്‍ദവും രേഖപ്പെടുത്തുവാനുള്ള സംവിധാനവും ശൈലി ആപ്പില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ട്. കാന്‍സര്‍ സാധ്യത കണ്ടെത്തി റെഫര്‍ ചെയ്ത വ്യക്തികളുടെ കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കാര്യക്ഷമമാക്കുന്നതിനായി കാന്‍സര്‍ സ്‌ക്രീനിംഗ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. 

സ്‌ക്രീനിംഗ് വഴി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും തുടങ്ങി. നിലവില്‍ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതോടൊപ്പം ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കും..

രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ ഇത് അടുത്തിടെ അവതരിപ്പിച്ചു. രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ഈ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപയാണ് ഈ ബജറ്റില്‍ അനുവദിച്ചത്. ഇതിലൂടെ ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകും. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ഇതിനായുള്ള പരിശീലനം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Veena George said that the wet lifestyle disease screening has crossed one crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.