സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കൊയ്യോട്​ പി.പി. ഉമര്‍ മുസ്‌ലിയാർക്കൊപ്പം പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍

സമസ്തയിൽ കൂടിയാലോചനക്ക് പുതിയ സമിതി; മുക്കം ഉമർ ഫൈസിയോട് വിശദീകരണം തേടാനും മുശാവറ തീരുമാനം

മലപ്പുറം: അടിയന്തര കാര്യങ്ങളിൽ കൂടിയാലോചനക്ക് പുതിയ സമിതിക്ക് രൂപംനൽകി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗം. മുശാവറക്ക് പുറമെയാണ് ഈ കമ്മിറ്റി പ്രവർത്തിക്കുക. മതപരമായ കാര്യങ്ങളിൽ ‘ഫത്​വ’ കമ്മിറ്റിയും രൂപവത്​കരിച്ചു.

കൂടിയാലോചന സമിതിയിൽ പ്രസിഡന്‍റ് മുഹമ്മദ്​ ജിഫ്‌രി തങ്ങള്‍, ജനറൽ സെക്രട്ടറി കൊയ്യോട് പി.പി.​ ഉമര്‍ മുസ്‌ലിയാര്‍, ട്രഷറർ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവർക്ക്​ പുറമെ, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, പി.കെ. ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശേരി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി.എം. അബ്ദുസ്സലാം ബാഖവി എന്നിവരാണ്​ അംഗങ്ങൾ.

‘ഫത്​വ’ കമ്മിറ്റിയിൽ ജിഫ്‌രി തങ്ങള്‍ ചെയര്‍മാനും എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കൺവീനറുമായിരിക്കും. കൊയ്യോട് പി.പി. ഉമര്‍ മുസ്‌ലിയാര്‍, പി.കെ. മൂസക്കുട്ടി ഹസ്‌റത്ത്, ഡോ. സി.കെ. അബ്ദുറഹിമാന്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സി.പി.എം മലപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സെമിനാറിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ, അദ്ദേഹത്തോട് വിശദീകരണം തേടാനും തീരുമാനിച്ചു. ഉമർ ഫൈസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സമസ്തയിലെ മുസ്‍ലിം ലീഗ് പക്ഷം പരാതി നൽകിയിരുന്നു. ഉമർ ഫൈസി നൽകുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് മുശാവറയിൽ തീരുമാനമായത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് പി.പി. ഉമർ മുസ്‌ലിയാരെ യോഗം തെരഞ്ഞെടുത്തു. മരണപ്പെട്ട പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് പകരമായാണ് ഉമർ മുസ്‌ലിയാരെ 40 അംഗ മുശാവറ തെരഞ്ഞെടുത്തത്. നിലവിൽ സംഘടനയുടെ ട്രഷററായിരുന്നു.

പുതിയ ട്രഷറർ എം.ടി. അബ്ദുല്ല മുസ്‌ലിയാരാണ്. സമസ്തയുടെ ജോയന്റ് സെക്രട്ടറിയായിരുന്നു അബ്ദുല്ല മുസ്‍ലിയാർ. വൈസ് പ്രസിഡന്‍റുമാരായി എ.വി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ എന്നിവരെയും ജോയന്റ് സെക്രട്ടറിയായി ഹൈദര്‍ ഫൈസി പനങ്ങാങ്ങരയെയും തെരഞ്ഞെടുത്തു. മുശാവറയിലെ മറ്റ്​ ഒഴിവുകൾ​ അടുത്ത യോഗത്തിൽ നികത്തുമെന്ന്​ പ്രസിഡന്‍റ്​ ജിഫ്​രി തങ്ങൾ പറഞ്ഞു.

2022ൽ ചേലക്കാട്​ മുഹമ്മദ്​ മുസ്​ലിയാരുടെ നിര്യാണത്തെ തുടർന്ന്​ സമസ്ത ട്രഷററായ കൊയ്യോട്​ ഉമർ മുസ്​ലിയാർ ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി, വിദ്യാഭ്യാസ ബോർഡ്​ ജോയന്റ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. നിരവധി മഹല്ലുകളിലെ ഖാദിയും പ്രഭാഷകനുമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.