കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ജീപ്പ് കുടുങ്ങിയപ്പോൾ

റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ ട്രാക്കില്‍ കുടുങ്ങി ജീപ്പ്; അരമണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: റെയില്‍വേ ഗേറ്റ് അടക്കുന്നതിനിടെ മുറിച്ചു കടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി. കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിലായിരുന്നു സംഭവം. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. അര മണിക്കൂര്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് എടുത്തു മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

റെയിൽവേ ഗേറ്റ് അടക്കാൻ പോകുമ്പോൾ പലപ്പോഴും മിക്കവാറും വാഹനങ്ങൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കാറുണ്ട്. മുന്നിൽ പോകുകയായിരുന്ന വാഹനത്തെ മറകടന്ന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിൽ കുടുങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സംഭവം നടക്കുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. ജീപ്പ് ട്രാക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രെയിൻ റെയിൽവേ ഗേറ്റിന് സമീപത്തായി നിർത്തിയിടുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ട്രാക്കിൽനിന്ന് ഉയർത്തി മാറ്റിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ട്രെയിനുകൾ വൈകിയോടിയത് മൂലം യാത്രക്കാർ വലഞ്ഞു. റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. 

റെയിൽവേ ഗേറ്റ് അടക്കാൻ തുടങ്ങുമ്പോൾ തന്നെ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ വേഗത്തിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. താഴെ ചൊവ്വയിലും സമാനമായ രീതിയിൽ മുന്നിൽ പോകുകയായിരുന്ന മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗം റെയിൽവേ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിന് നടുവിൽ കുടുങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.