'വി.ഡി. സതീശൻ അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവ; വിദേശ യാത്രകൾക്ക് പിന്നിൽ അജ്ഞാത സാമ്പത്തിക ശക്തികളെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പേരുപോലും വെളിപ്പെടുത്താനാകാത്ത വിധം വി.ഡി. സതീശൻ അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മാറിയെന്ന രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികൾ സ്പോൺസർ ചെയ്യുന്ന വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും യാത്ര ചെയ്യുന്നത് അഭിമാനമായി കാണുന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.
സർക്കാർ നൽകിയ ഔദ്യോഗിക വാഹനങ്ങൾ മാറ്റിവെച്ച് പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന സ്ഥിതിയാണുള്ളത്. സമ്പന്നരുടെ സൗജന്യങ്ങൾ പറ്റി സർക്കാരിന് ലാഭമുണ്ടാക്കുന്നുവെന്ന വിചിത്ര വാദമാണ് ഇതിനായി ഉന്നയിക്കുന്നത്. മന്ത്രിമാരുടെ വിദേശയാത്രകളിൽ പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
മുതലാളി സേവ നടത്തുകയും അതിനെ നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ പുതിയ രൂപമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഗാന്ധിയൻ-നെഹ്‌റൂവിയൻ പാരമ്പര്യമുള്ള യഥാർത്ഥ കോൺഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. ഭരണനേതൃത്വത്തിന്റെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.