പെരുമ്പാവൂര്‍: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ ഗായകൻ റാപ്പര്‍ വേടന്‍ എന്ന ഹിരൺദാസ് മുരളിക്ക് ജാമ്യം. രണ്ടുമാസം എല്ലാ വ്യാഴാഴ്ചയും അേന്വഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് പെരുമ്പാവൂര്‍ മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയാല്‍ രാജ്യം വിട്ടുപോകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് കോടതിക്ക് നല്‍കാമെന്ന് വേടന്‍റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.
പുലിപ്പല്ലാണെന്ന് അറിഞ്ഞുകൊണ്ടല്ല തന്‍റെ കക്ഷി ആഭരണമാക്കിയതെന്നും ഒരാള്‍ നല്‍കിയ സമ്മാനം ഉപയോഗിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. പ്രതിക്കെതിരെ സമാന കേസുകള്‍ നിലവിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ സമ്മതിച്ചു. ഇത് സമ്മാനിച്ചയാളെ കണ്ടെത്താനും കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചക്കുശേഷം ആരംഭിച്ച കോടതി നടപടികള്‍ വൈകീട്ട് ആറരയോടെയാണ് പൂര്‍ത്തിയായത്.
തന്‍റെ മദ്യപാനവും പുകവലിയും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ലഹരി ഉപയോഗിക്കുന്നത് ഉപേക്ഷിക്കാന്‍ ശ്രമിക്കുമെന്നും റാപ്പര്‍ വേടന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന പുലിപ്പല്ല് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അറിയിച്ചു. തിങ്കളാഴ്ചയാണ് വേടന്‍ കഞ്ചാവുമായി തൃപ്പൂണിത്തുറയില്‍ അറസ്റ്റിലായത്.
തുടര്‍ന്ന് പുലിപ്പല്ല് ആഭരണമായി ഉപയോഗിക്കുന്നതായി കണ്ടെത്തുകയും വനം വകുപ്പ് കേസെടുക്കുകയുമായിരുന്നു. ചെന്നൈയില്‍ സംഗീത പരിപാടിക്കിടെ ആരാധകനും ശ്രീലങ്കന്‍ വംശജനുമായ രഞ്ജിത് കുമ്പിടി സമ്മാനമായി നല്‍കിയതാണ് പുലിപ്പല്ലെന്ന് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നല്‍കിയത് എന്ന് പറയുന്നുവെന്നും എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
മാലയിൽ പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടൻ ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്തത്. കഞ്ചാവ് കേസിൽ അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.