തിരുവനന്തപുരം: എസ്.ഐ.ആറിൽ ഓരോ ബൂത്തിലും കണ്ടെത്താനാകാത്താവരുടെ എണ്ണം 50 മുതൽ 60 പേർ വരെയന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. ശനിയാഴ്ച രാവിലെ 10 വരെയുള്ള കണക്ക് പ്രകാരം 99.9 ശതമാനം എന്യൂമറേഷൻ ഫോമുകളിൽ നടപടി പൂർത്തിയാക്കി. 20.75 ലക്ഷം പേരാണ് കണ്ടെത്താനാകാത്താവരുടെ പട്ടികയിലുള്ളത്. ഇതിൽ 6,11,559 പേർ മരിച്ചവരാണ്. 5,66,182 പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. 7,39,205 പേർ സ്ഥിരമായി താമസം മാറിയവരാണ്.
1,12,569 പേർ ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്ത ഫോമുകളിൽ 97 ശതമാനം തിരികെയെത്തി. ഇതിൽ 96.17 ശതമാനം ഡിജിറ്റൈസ് ചെയ്തെന്നും സി.ഇ.ഒ വിശദീകരിച്ചു. അതേസമയം കണ്ടെത്താനാകാത്തവരുടെ കണക്ക് ശരിയല്ലെന്നും 120നും 150നും ഇടയിൽ ഓരോ ബൂത്തിലും കണ്ടെത്താനാകാത്തവരായുണ്ടെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അധികമായി ലഭിച്ച സമയം കണ്ടെത്താത്തവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്ന് സി.ഇ.ഒ വിശദീകരിച്ചു. ബി.എൽ.എമാരുടെ സഹായത്തോടെ മരിച്ചവരുടെ മുഴുവൻ പട്ടികയും പരിശോധിക്കും. ജീവിച്ചിരിക്കുന്നവർ മരിച്ചവരുടെ പട്ടികയിലോ തിരിച്ചോ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. ബി.എൽ.ഒമാരുടെയും ബി.എൽ.എമാരുടെയും യോഗം ബൂത്ത് തലത്തിൽ ചേരും. യോഗത്തിൽ ബൂത്തിലെ സ്ഥിതിവിവരക്കണക്ക് അവതരിപ്പിക്കും.
പിശകുണ്ടെങ്കിൽ രാഷ്ട്രീയ പ്രതിനിധികളുടെ സഹായത്തോടെ തിരുത്തൽ വരുത്തി കരട് പട്ടിക പ്രസിദ്ധീകരിക്കാൻ ഇതുവഴി കഴിയും. കരട് പ്രസിദ്ധീകരിച്ചശേഷം ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തവർക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) നോട്ടിസ് അയക്കും. പരമാവധി നോട്ടീസ് നൽകുന്നത് കുറക്കാനാണ് കമീഷൻ ശ്രമിക്കുന്നത്. ഇ.ആർ.ഒമാരുടെ തീരുമാനത്തിനെതിരെ കലക്ടർക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം. രണ്ടാം അപ്പീൽ അധികാരിയായ സി.ഇ.ഒക്ക് അപ്പീൽ സമർപ്പിക്കാനുള്ള സമയം ഇ.ആർ.ഒമാരുടെ തീരുമാനം വന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.