തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച അധികാരമേൽക്കും. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും ശക്തമായ മത്സരങ്ങളെയും അതിജീവിച്ചാണ് പറവൂരിൽ നിന്നുള്ള ഈ ജനനായകൻ സംസ്ഥാനത്തിന്റെ അമരത്തെത്തുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു കേരളം കാതോർത്ത ആ പ്രഖ്യാപനം വന്നത്.
നിയമസഭാ കക്ഷിയോഗത്തിൽ ഭൂരിഭാഗം എം.എൽ.എമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചെങ്കിലും, സംസ്ഥാനത്തെ പൊതുവികാരം സതീശന് അനുകൂലമാണെന്ന തിരിച്ചറിവാണ് ഹൈക്കമാൻഡിനെ ഈ തീരുമാനത്തിൽ എത്തിച്ചത്. ഘടകകക്ഷികളുടെ പൂർണ പിന്തുണയും മൂന്ന് മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും സതീശന്റെ സ്ഥാനലബ്ധിയിൽ നിർണ്ണായകമായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി ഒരു മാറ്റം ആഗ്രഹിച്ച പാർട്ടി പ്രവർത്തകർക്കും ഈ തീരുമാനം വലിയ ആവേശമാണ് നൽകുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം സഭക്കകത്തും പുറത്തും വി.ഡി. സതീശൻ കാഴ്ചവെച്ച മികച്ച പ്രകടനവും, ഇടതുപക്ഷ ഭരണത്തോടുള്ള ജനരോഷം വോട്ടാക്കി മാറ്റാൻ യു.ഡി.എഫിനെ സജ്ജമാക്കിയ നേതൃപാടവവുമാണ് അദ്ദേഹത്തിന് തുണയായത്. മുതിർന്ന നേതാക്കളെയും യുവനിരയെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇനി പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. പതിറ്റാണ്ടുകൾക്ക് ശേഷം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന കോൺഗ്രസ് സർക്കാരിനെ സതീശൻ എങ്ങനെ നയിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.