മന്ത്രി റോജി എം. ജോണിനെതിരായ പ്രതിഷേധം; മഹാരാജാസിലെ എസ്.എഫ്.ഐ നേതാക്കൾക്ക് സസ്പെൻഷൻ
കൊച്ചി: ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവർക്കെതിരെയാണ് 10 ദിവസത്തെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന കോളജ് കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യങ്ങൾ ഉന്നയിക്കുകയും ബാനർ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചടങ്ങ് തടസ്സപ്പെടുകയാണുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച കെ.എസ്.യു നേതാക്കൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിക്കാൻ ചേർന്ന കോളജ് കൗൺസിലാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സസ്പെൻഷൻ വാർത്ത പുറത്തുവന്നതിന് പിന്നാലെ മഹാരാജാസ് കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.