എൽ.പി എസ്.ടി ഉദ്യോഗാർഥികളുടെ പ്രതിഷേധ സമരപ്പന്തലിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ സമരസമിതി സെക്രട്ടറി വളർമതിയുമായി സംസാരിക്കുന്നു
വളർമതിക്ക് പിന്തുണയുമായി ഫ്രറ്റേണിറ്റി നേതാക്കൾ; എൽപി എസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ സന്ദർശിച്ചു
തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം നടത്തുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു.
സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ്, ലമീഹ് ഷാക്കിർ, ആഷിഖ് നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് സമർപ്പന്തലിൽ ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പ്രവർത്തകർ എത്തിയത്.
ഭരണത്തിലേറുന്നതിന് മുമ്പും ശേഷവുമായി ഉദ്യോഗാർഥികൾക്ക് ഉറപ്പുകൾ നൽകിയ സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണ്. സമരക്കാർക്കെതിരെ പൊലീസിനെ വെച്ച് നീങ്ങുന്നത് അംഗീകരിക്കാനാകില്ല.
ഉദ്യോഗാർഥികളെ പൊലീസ് വലിച്ചിഴച്ചതിലും അവർക്കെതിരെ കേസെടുത്തതിലും സർക്കാർ മറുപടി പറയണമെന്നും രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.
അതേസമയം, നീതി കിട്ടുന്നത് വരെ സമരം കടുത്ത രീതിയില്‍ തന്നെ തുടരുമെന്ന് വളര്‍മതി വ്യക്തമാക്കിയിരുന്നു. ഒരുപാട് അധ്യാപകര്‍ പുറത്തുണ്ട്. അവര്‍ പുറത്ത് നില്ക്കാതിരിക്കാന് വേണ്ടിയാണ് അനുപാതെ കുറക്കാന്‍ പറയുന്നത്.
തുടര്‍ച്ചയായി ഞങ്ങള്‍ ഈ വിഷയം പറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത വരും എന്ന് പറയുന്നതില്‍ കഴമ്പില്ല. മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും പരിഗണിച്ചുകൊണ്ടുള്ള ഒരു ഉത്തരവാണ് പ്രതീക്ഷിക്കുന്നതെന്നും വളര്‍മതി വ്യക്തമാക്കിയിട്ടുണ്ട്.
അനിശ്ചിതകാല നിരാഹാര സമരത്തിനിടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പൊലീസ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവർ സമരപ്പന്തലിൽ മടങ്ങിയെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അവർ ആവർത്തിച്ചിരുന്നു.
സർക്കാർ സ്കൂളുകളിലെ എൽപിഎസ്ടി തസ്തികകളിലേക്കുള്ള നിയമനങ്ങൾ, കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) റാങ്ക് ലിസ്റ്റിൻ്റെ കാലാവധി തീരുന്നതിന് മുൻപായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് വളർമതി നിരാഹാര സമരം ആരംഭിച്ചത്.
ഇതിന് മുന്നോടിയായി ഒക്ടോബർ 26ന് അവർ തല മുണ്ഡനം ചെയ്തിരുന്നു. കഴിഞ്ഞ 117 ദിവസങ്ങളായി റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.