മുഈൻ അലി ശിഹാബ് തങ്ങൾ

‘പരസ്പരം ചളിവാരിയെറിഞ്ഞ് ഐക്യത്തിന് മങ്ങലേൽപ്പിക്കരുത്’; എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിവാദത്തിൽ മുഈൻ അലി തങ്ങൾ

കോഴിക്കോട്: എസ്.കെ.എസ്.എഫ് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച്  മുഈൻ അലി ശിഹാബ് തങ്ങൾ. സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണമെന്നും പരസ്പരം കുറ്റപ്പെടുത്തിയും ചളിവാരിയെറിഞ്ഞും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ നടത്തി സമുദായത്തിന്റെ ഐക്യത്തിന് മങ്ങലേൽപ്പിക്കരുതെന്ന് മുഈനലി തങ്ങൾ ഓർമിപ്പിച്ചു. സമുദായത്തിന്റെ ഐക്യവും സംഘടനയുടെ കെട്ടുറപ്പും കാത്തുസൂക്ഷിക്കാൻ മുഴുവൻ പ്രവർത്തകരും സന്നദ്ധരാകണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

പാണക്കാട് കുടുംബത്തിന്റെയും സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും ചരിത്രപരമായ പാരമ്പര്യവും പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. ആ മഹത്വ പാരമ്പര്യം ഉൾകൊള്ളണമെന്നും ഇത്തരം വിഭാഗീയ ചർച്ചകൾക്ക് പാണക്കാട് കുടുംബത്തിനെ ബലിയാടാക്കരുതെന്നും പോസ്റ്റിൽ വ്യക്തമാക്കി.

വ്യക്തികളും നേതൃത്വങ്ങളും കാലത്തിനനുസരിച്ച് മാറിയേക്കാം. എന്നാൽ ഈ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ദർശനവും അവ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഒരിക്കലും കൈവിട്ടുപോകരുത്. ആ ആദർശങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും അവയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് പാണക്കാട് കുടുംബം എന്നും ആഗ്രഹിച്ചിട്ടുള്ളത്. പരസ്പരം കുറ്റപ്പെടുത്തിയും ചളിവാരിയെറിഞ്ഞും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ നടത്തി മതത്തിനും സമുദായത്തിന്റെ ഐക്യത്തിനും മങ്ങലേൽപ്പിക്കരുത്. ഭിന്നതയുടെ സ്വരങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വിശാലമായ മത കാഴ്ചപ്പാടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലത്തിന്റെ മാറ്റങ്ങളും സമുദായം അഭിമുഖീകരിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളും തിരിച്ചറിഞ്ഞ്, കാലോചിതമായ കാഴ്ചപ്പാടുകളോടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടോടെ മനസ്സിലാക്കാൻ ഏവരും തയാറാകണമെന്നും മുഈൻ അലി തങ്ങൾ പറഞ്ഞു.

Full View
Tags:    
News Summary - Mueen Ali Shihab Thangal on SKSSF State Committee Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.