ഇനിയൊരു മൊഫിയ ഉണ്ടാകരുത്; തുല്യപങ്കാളിത്തം ഉറപ്പു വരുത്താന്‍ സമൂഹത്തിന് കഴിയണമെന്ന് വി.ഡി. സതീശൻ

തൊടുപുഴ: വാക്കും പ്രവൃത്തിയും നോട്ടവും കൊണ്ടും പെണ്‍കുട്ടികൾ ദുര്‍ബലരാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തുല്യപങ്കാളിത്തം ഉറപ്പു വരുത്താന്‍ സമൂഹത്തിനും കഴിയണം. എല്ലാവരും ഒന്നിച്ചു നിന്നാല്‍ കേരളത്തിലെ കാമ്പസുകള്‍ ചരിത്രം തിരുത്തിയെഴുതും. യാഥാസ്ഥിതികമായ ഒരു കാലത്തല്ല നാം ജീവിക്കുന്നത്. ലോകക്രമം വളരെ വേഗത്തിലാണ് മാറുന്നത്. കേരളം പോലും യാഥാസ്ഥിതികതയിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ദൗര്‍ഭാഗ്യകരമായ കാലമാണിത്. ഇനിയൊരു മൊഫിയ നമുക്കിടയില്‍ ഉണ്ടാകരുതെന്നും വി.ഡി. സതീശൻ പറഞ്ഞു. തൊടുപുഴ അല്‍-അസര്‍ കോളജില്‍ 'മകള്‍ക്കൊപ്പം'-സ്ത്രീധന വിരുദ്ധ കാമ്പയിന്‍റെ മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രസംഗത്തിന്‍റെ പൂർണരൂപം:

മകള്‍ക്കൊപ്പം കാമ്പയിന്‍ തുടങ്ങിയത് എന്‍റെ സ്വാര്‍ത്ഥത കൊണ്ടാണ്. കൊല്ലത്ത് ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ പ്രായം എന്‍റെ മകളുടേതാണ്. ആത്മഹത്യ ചെയ്ത വിസ്മയക്കും എന്‍റെ മകളുടെ പ്രായമായിരുന്നു. എന്‍റെ മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാമ്പയിന്‍ തുടങ്ങിയത്. കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും മനസില്‍ ഈ കാമ്പയിന്‍ എത്തണം. പ്രബുദ്ധ കേരളത്തില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തിന് കുറവില്ല. ശാരീരികവും മാനസികവുമായി അവരെ തളര്‍ത്തുന്നു. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും എത്തുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടാകുന്നു.

വിവാഹിതയായ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനെ മുന്‍വിധിയോടെയാണ് സമൂഹം നേക്കിക്കാണുന്നത്. നിനക്ക് മാനസിക രോഗമാണോയെന്നാണ് നീതി തേടിയെത്തിയ മൊഫിയയോട് പൊലീസുകാരന്‍ ചോദിച്ചത്. താനൊരു തന്തയാണോയെന്നാണ് പിതാവിനോട് ചോദിച്ചത്. എവിടെയാണ് സ്ത്രീകള്‍ക്ക് നീതി കിട്ടുന്നത്? എന്തു സഹായമാണ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്നത്? ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ഒരു സംവിധാനവുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്.

നമ്മുടെ ഭാഷയിലും സമീപനത്തിലും മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകള്‍ അടിമായായി ജീവിക്കേണ്ടവളല്ല. ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി നമ്മുടെ വീടുകളും മാറുകയാണ്. കുടുംബങ്ങളിലും പെണ്‍കുട്ടികള്‍ അരക്ഷിതരാണ്. അവര്‍ വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. അതിനെ പ്രതിരോധിക്കാനാകാതെ നിലവിലെ വ്യവസ്ഥതിയോട് ചേര്‍ന്നു പോകാന്‍ ശ്രമിക്കുകയാണ് പല പെണ്‍കുട്ടികളും. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണഘടനയിലെ തുല്യനീതിയും തുല്യ പങ്കാളിത്തവും എവിടെയാണ് നടപ്പാക്കപ്പെടുന്നത്? ദുരഭിമാന ക്കൊലകളും കുറ്റകൃത്യങ്ങളും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. തിരുവനന്തപുരത്തെ മലയിന്‍കീഴില്‍ കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍റെ അടുത്തേക്ക് അമ്മയെയും മകളെയും പൊലീസ് പറഞ്ഞയച്ചു. പിന്നീട് കള്ളക്കേസില്‍ കുടുക്കി അമ്മയെ ജയിലിലടച്ചു. ഇത്തരത്തില്‍ കുട്ടികള്‍ മുതല്‍ മുത്തശ്ശി വരെ അപമാനിക്കപ്പെടുന്ന നാടായി കേരളം മാറാന്‍ പാടില്ല. സമൂഹത്തിലെ എല്ലാ കുഴപ്പങ്ങളുടെയും ഇരകളായി സ്ത്രീകളും കുട്ടികളും മാറുകയാണ്.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെടുന്നത് സൈബര്‍ ഇടങ്ങളിലാണ്. വട്ടിപ്പലിശക്ക് പണം കടംവാങ്ങിയാലും സ്ത്രീകളാണ് അപമാനിതരാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. വിവാഹം സ്വത്തിനോടും പണത്തിനോടും വാഹനത്തിനോടുമുള്ള അത്യാര്‍ത്തിയായി മാറുകയാണ്. കേരള സമൂഹം പുരോഗമനപരമായാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ തൊണ്ണൂറുകള്‍ക്കു ശേഷം അതില്‍ വ്യത്യാസമുണ്ടായി. സ്ത്രീധനത്തെ അറപ്പോടും വെറുപ്പോടും കണ്ടിരുന്ന ഒരു തലമുറയുണ്ടായിരുന്നു.

ഒരു പരിഷ്‌കൃത സമൂഹത്തിലാണ് ജീവിക്കുന്നതെന്ന തോന്നലുണ്ടാകണം. സ്വന്തം വീട്ടില്‍ സുരക്ഷിതരല്ലെങ്കില്‍ മറ്റെവിടെയാണ് സുരക്ഷിതമാകുന്നത്? അതിനെതിരായ പ്രതിരോധവും പ്രതികരണവും കാമ്പസുകളില്‍ നിന്നാണ് ഉയര്‍ന്നുവരേണ്ടത്. പെണ്‍കുട്ടികള്‍ കീഴടങ്ങുകയോ തലകുനിക്കുകയോ ചെയ്യരുത്. ലോകത്തെങ്ങും വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുള്ളത് കാമ്പസുകളില്‍ നിന്നാണ്. ഒരു സ്ഥലത്തും അടിമയെപ്പോലെ ജീവിക്കില്ലെന്നും തുല്യത വേണമെന്നും പെണ്‍കുട്ടികള്‍ തീരുമാനിക്കണം. ആണ്‍കുട്ടികളും അവരോടൊപ്പം നില്‍ക്കണം. സഹോദരിയിലൂടെയും മകളിലൂടെയും അമ്മയിലൂടെയും മറ്റു പെണ്‍കുട്ടികളെ നോക്കിക്കാണണം. അധ്വാനിച്ച് ജീവിക്കുമെന്ന് ആണ്‍കുട്ടികള്‍ തീരുമാനിക്കണം. എന്‍റെ സഹോരിക്കും സ്ത്രീധനം നല്‍കില്ലെന്നു തീരുമാനിക്കണം.

വാക്കും പ്രവൃത്തിയും നോട്ടവും കൊണ്ടും പെണ്‍കുട്ടികളും ദുര്‍ബലരാകരുത്. തുല്യപങ്കാളിത്തം ഉറപ്പു വരുത്താന്‍ സമൂഹത്തിനും കഴിയണം. എല്ലാവരും ഒന്നിച്ചു നിന്നാല്‍ കേരളത്തിലെ കാമ്പസുകള്‍ ചരിത്രം തിരുത്തിയെഴുതും. യാഥാസ്ഥിതികമായ ഒരു കാലത്തല്ല നാം ജീവിക്കുന്നത്. ലോകക്രമം വളരെ വേഗത്തിലാണ് മാറുന്നത്. കേരളം പോലും യാഥാസ്ഥിതികതയിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ദൗര്‍ഭാഗ്യകരമായ കാലമാണിത്. ഇനിയൊരു മൊഫിയ നമുക്കിടയില്‍ ഉണ്ടാകരുത്. നമ്മള്‍ വളര്‍ത്തുന്ന കുഞ്ഞിനെ ആരെങ്കിലും അപമാനിക്കാമോ? ഇനി ഒരു കുഞ്ഞിനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. ഇരു ഒരു അമ്മയുടെയും കണ്ണുനീര്‍ കേരളത്തില്‍ വീഴാന്‍ പാടില്ല. മകള്‍ക്കൊപ്പം കാമ്പയിൻ ഇനി വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത് നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്ത്രീധനത്തിന് എതിരായ പ്രചാരണമായാണ് മകള്‍ക്കൊപ്പം കാമ്പയിന് തുടക്കമിട്ടത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടാം ഘട്ടത്തില്‍ കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുകയും സൗജന്യ നിയമസഹായത്തിന് അഭിഭാഷകരെ ചുമലപ്പെടുത്തുകയും ചെയ്തു. നൂറുകണക്കിന് കോളുകളാണ് ട്രോള്‍ ഫ്രീ നമ്പറിലേക്കെത്തിയത്. മിടുമിടുക്കരായ പെണ്‍കുട്ടിക്ക് പോലും ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണ് മകള്‍ക്കൊപ്പം കാമ്പയില്‍ മൂന്നാംഘട്ടം കാമ്പസുകളിലേക്കെത്തിച്ചതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൊഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുത്തു.

Tags:    
News Summary - VD Satheesan started to Anti Dowry Campign "Makalkoppam"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.