ആരോഗ്യ മന്ത്രിയും ഒരു സ്ത്രീയല്ലേ? സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്? -വി.ഡി. സതീശൻ

കോഴിക്കോട്: ഐ.സി.യുവില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് പിന്തുണ നല്‍കിയെന്നതിന്റെ പേരിലാണ് അനിത സിസ്റ്ററെ സര്‍ക്കാര്‍ അപമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയ്‌ക്കൊപ്പമാണോ? പീഡന വീരനൊപ്പമാണോ? ഇരയ്‌ക്കൊപ്പമാണോ? അതോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? സ്വന്തം പാര്‍ട്ടിക്കാരും അനുഭാവികളും എന്ത് ഗുരുതര കുറ്റകൃത്യം ചെയ്താലും സംരക്ഷിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

പീഡന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. അതേക്കുറിച്ചാണ് അനിത സിസ്റ്റര്‍ മേല്‍ ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ടില്‍ എന്ത് തെറ്റാണുള്ളത്? ഒരു തെറ്റുമില്ലെന്ന് ഹൈകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സമ്മതിക്കുകയും ചെയ്തതാണ്. എന്നിട്ടും ഹൈകോടതി ഉത്തരവുമായി ആറു ദിവസമായി അനിത ആശുപത്രിക്ക് മുന്നില്‍ ഇരിക്കുകയാണ്.

അമ്മ സര്‍ജറി കഴിഞ്ഞും മകള്‍ പ്രസവം കഴിഞ്ഞും കിടക്കുന്നു. ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായി. ആരോടാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത്? ആരോഗ്യ മന്ത്രിയും ഒരു സ്ത്രീയല്ലേ? സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്? നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? അതിജീവിതയെയും അവര്‍ക്ക് പിന്തുണ നല്‍കിയവരെയുമല്ലേ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തേണ്ടത്. എന്നിട്ടും ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ്.

അനിത സിസ്റ്റര്‍ക്കും അതിജീവിതക്കും യു.ഡി.എഫ് എല്ലാവിധ പിന്തുണയും നല്‍കും. ഇത്തരത്തില്‍ ഒരിടത്തും സംഭവിക്കാന്‍ പാടില്ല. പത്രങ്ങള്‍ എഡിറ്റേറിയല്‍ എഴുതുകയും കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും ചെയ്ത വിഷയമായിട്ടും എല്ലാവരെയും ഞെട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഹൈകോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? കോടതി ഉത്തരവ് പാലിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. നിയമ വിരുദ്ധമായാണ് മന്ത്രി പെരുമാറുന്നത്. എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന ആളാണ് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കോടതിയുടെ അഭിപ്രായം കൂടി പുറത്ത് വന്നാല്‍ നിയമനടപടി സ്വീകരിക്കും.

അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനെ ഒരാളും ചോദ്യം ചെയ്യേണ്ടെന്ന ധിക്കാരത്തിന് കേരളം മറുപടി നല്‍കും. ആരോഗ്യമന്ത്രി പറഞ്ഞതല്ല, ഹൈകോടതിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ പറയാത്ത കാര്യമാണ് മന്ത്രി പുറത്ത് പറയുന്നത്. പീഡനവീരനും ഒപ്പം നില്‍ക്കുന്നവരും പറയുന്നത് കേട്ടാണ് മന്ത്രി സംസാരിക്കുന്നത്. പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയ ഭരണാനുകൂല സംഘടന നേതാക്കളെ സംരക്ഷിക്കാനാണ് എല്ലാ പരിധിയും വിട്ട തോന്ന്യാസം കാട്ടുന്നത്. മന്ത്രി പറഞ്ഞതിനും മുഖ്യമന്ത്രി പിന്തുണച്ചതിനും വിരുദ്ധമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. അഭിമാന പ്രശ്‌നമായി എടുക്കാതെ സ്വന്തം ആള്‍ക്കാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാതെ അനിത സിസ്റ്ററോട് സര്‍ക്കാര്‍ നീതി കാട്ടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan solidarity with Sister PB Anitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.