വി.ഡി. സതീശൻ
കൊച്ചി: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ആർ.എസ്.എസ് അജണ്ട നടപ്പാനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് പി.എം ശ്രീയിൽ ഒപ്പിടാൻ തീരുമാനിച്ചത്. സർക്കാറിന്‍റേത് ഏകപക്ഷീയ നീക്കമാണ്. ഏറ്റവും വലിയ ഘടകകക്ഷിയായ സി.പി.ഐയെപ്പോലും ഇക്കാര്യം അറിയിച്ചില്ല. ഫണ്ട് വാങ്ങുന്നതിലല്ല, ആർ.എസ്.എസ് അജണ്ടയോട് എതിർപ്പ് കാണിക്കാത്തതിനെയാണ് തങ്ങൾ വിമർശിക്കുന്നതെന്നും വി.ഡി.സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“പണ്ട് സി.പി.എം -ബി.ജെ.പി ബന്ധത്തിന്‍റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് ശ്രീ എമ്മാണ്. ഇപ്പോൾ ഇടനിലയാകുന്നത് പി.എം ശ്രീയാണ്. അതാണ് വ്യത്യാസം. ഫണ്ട് വാങ്ങുന്നതിലല്ല, ആർ.എസ്.എസ് അജണ്ടയോട് എതിർപ്പ് കാണിക്കാത്തതിനെയാണ് ഞങ്ങൾ വിമർശിക്കുന്നത്. ആർ.എസ്.എസ് അജണ്ട എതിർക്കാൻ സർക്കാർ തയാറായിട്ടില്ല. നിബന്ധനകളിൽ യാതൊരു എതിർപ്പുമില്ലാതെ ഒപ്പുവെച്ചു. ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ. പി.എം ശ്രീ പദ്ധതിയെ കോൺഗ്രസ് നേരത്തെ തന്നെ ശക്തമായി എതിർത്തിരുന്നു.
കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് വിദ്യാഭ്യാസം. സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യാധികാരമിരിക്കെ കേന്ദ്രത്തിന്‍റെ താൽപര്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ചില സ്കൂളുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുക. ഇതോടെ സംസ്ഥാനത്ത് രണ്ടുതരം സ്കൂളുകൾ വരും. സി.പി.എം കേന്ദ്ര കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന മന്ത്രിസഭ പദ്ധതിയിൽ ചേരാനുള്ള തീരുമാനം സ്വീകരിക്കുന്നത്. സി.പിഎമ്മിന് സി.പി.ഐയേക്കാൾ വലുത് ബി.ജെ.പിയാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. സി.പി.ഐ അറിയുംമുമ്പേ സർക്കാർ നിരുപാധികം പദ്ധതിയിൽ ഒപ്പുവെച്ചു.
സി.പി.എം -ബി.ജെ.പി ബാന്ധവത്തിന്‍റെ വ്യക്തമായ മറ്റൊരു തെളിവാണിത്. ഞങ്ങൾ മുമ്പേ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ആയുഷ്മാൻ ഭരത് പദ്ധതിയിലും ഇതുതന്നെ ആയിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്. ആദ്യം എതിർത്തിട്ട് അതിനെ അംഗീകരിച്ചു. സർക്കാറിന്‍റേത് ഏകപക്ഷീയ നീക്കമാണ്. മാധ്യമങ്ങളിലൂടെയാണ് സി.പി.ഐ ഇക്കാര്യം അറിയുന്നത്. നാണക്കേട് സഹിച്ച് മുന്നണിയിൽ തുടരണോ വേണ്ടയോ എന്ന കാര്യം സി.പി.ഐക്ക് തീരുമാനിക്കാം.
പുറത്തൊന്ന് പറഞ്ഞ് അകത്ത് വേറൊന്ന് ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിന്‍റേത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. ഏത് സമ്മർദത്തിന്‍റെ പേരിലാണ് പദ്ധതിയിൽ ഒപ്പിട്ടത്? കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയേയും മുഖ്യമന്ത്രിക്ക് ഭയമാണ്. എന്താണെന്നുള്ളത് അദ്ദേഹം വ്യക്തമാക്കണം. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെ പറഞ്ഞതിനു വിരുദ്ധമായ തീരുമാനമാണ് സംസ്ഥാനത്ത് സ്വീകരിച്ചത്” -വി.ഡി. സതീശൻ പറഞ്ഞു.
പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ വ്യാപക വിമർശനമുയരുന്നുണ്ട്. എൽ.ഡി.എഫ് ഘടകകക്ഷികൾ പ്രത്യക്ഷമായിത്തന്നെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എഴുത്തുകാരി സാറാ ജോസഫ് ഉൾപ്പെടെ സാംസ്കാരിക രംഗത്തുനിന്നുള്ളവരും വിമർശനമുയർത്തി. 'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി എംശ്രീ കുട്ടികൾക്കായി'- എന്നാണ് സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചതിന് പിന്നാലെയാണ് കരാറിൽ ഒപ്പിട്ട വാർത്ത പുറത്തുവന്നത്. രൂക്ഷവിമർശനവുമായി സി.പി.ഐ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും രംഗത്തുവന്നു.
സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.
പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്. 2022ൽ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുൻനിർത്തിയാണ് കേരളം ഒപ്പിടുന്നതിൽനിന്ന് പിന്തിരിഞ്ഞുനിന്നത്. ആർ.എസ്.എസ് താൽപര്യപ്രകാരം കാവിവത്കരണ അജണ്ടയിൽ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി -2020) പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്.
ബ്ലോക്കുകളിൽ രണ്ട് സ്കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്കൂളുകൾ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേർത്ത് സ്കൂളിന്‍റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളുടെ പേര് പിന്നീട് മാറ്റാൻ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണാപത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.