കടമക്കുടിയിൽ കൂട്ട ആത്മഹത്യ നടന്ന വീട് പ്രതിപക്ഷനേതാവ് സന്ദർശിക്കുന്നു. 

വായ്പാ ആപ്പുകളെ കുറിച്ച് പൊലീസ് ഗൗരവത്തില്‍ അന്വേഷിക്കണമെന്ന് വി.ഡി സതീശൻ

കൊച്ചി: ആപ്പുകള്‍ വഴി വായ്പ നല്‍കിയ ശേഷം നടത്തുന്ന ബ്ലാക്‌മെയിലുകളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈബര്‍ ലോകത്ത് നടക്കുന്ന ക്രൈമുകള്‍ അന്വേഷിക്കാന്‍ പൊലീസിന് സാധിക്കുന്നില്ല.

കേരളം ആദരിക്കുന്ന അയ്യങ്കാളിയുടെ ചിത്രം നായയുടേതുമായി കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളെ പിടിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തൊരു അപമാനകരമാണ്. കേരളം കണ്ട ഏറ്റവും വലിയ പോരാളിയെ അപമാനിച്ചിട്ടും പ്രതിയെ കണ്ടെത്താനാകുന്നില്ല. പൊലീസിനെ ആധുനികവത്ക്കരിക്കാന്‍ തയാറാകണം.


നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ പ്രോട്ടോകോള്‍ നിശ്ചയിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. മറ്റ് സ്ഥലത്തേക്ക് രോഗം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കാലാനുസൃതമായി ചികിത്സാ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കലര്‍ത്തില്ല. സര്‍ക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്നു. കുറെക്കൂടി നന്നായി ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടാനുള്ളത്.

നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം ഒരിക്കലും പാടില്ലാത്തതാണ്. പ്രത്യേകിച്ചും കലാകാരന്‍മാരായി നില്‍ക്കുന്നവര്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ പാടില്ല. വര്‍ഷങ്ങളായി മനസില്‍ കിടക്കുന്ന പുരുഷമേധാവിത്വത്തിന്റെ ബാക്കിപത്രമാണിത്. അലന്‍സിയര്‍ നല്ല നടനാണ്. അദ്ദേഹത്തിന്റെ അപ്പന്‍ എന്ന സിനിമ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ആര് പറഞ്ഞാലും തെറ്റാണ്. അതിനൊപ്പം നില്‍ക്കില്ല.

മന്ത്രിസഭാ പുനസംഘടന എല്‍.ഡി.എഫിന്റെ ആഭ്യന്തരകാര്യമാണ്. മുഖം മിനുക്കി മിനുക്കി വരുമ്പോള്‍ മുഖം കൂടുതല്‍ വികൃതമാകുമോയെന്ന് അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - VD Satheesan said that the police should seriously investigate the loan apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.