മന്ത്രി സജി ചെറിയാൻ രാജിവെച്ച് ആർ.എസ്.എസിൽ ചേരുന്നതാണ് നല്ലതെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: രാജ്യത്തെ ഭരണഘടന ബ്രിട്ടീഷുകാർ എഴുതി കൊടുത്തതാണെന്ന മന്ത്രിയുടെ പ്രഖ്യാപനം ആർ.എസ്.എസിന്‍റെ അഭിപ്രായത്തിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാൻ ഉച്ചരിച്ച വാചകങ്ങൾ ആർ.എസ്.എസ് സ്ഥാപകൻ ഗോൾവാൽക്കറിന്‍റെ പുസ്തകത്തിൽ പറയുന്നുണ്ട്. ആർ.എസ്.എസിന്‍റെ ആശയങ്ങളാണ് മന്ത്രി ഉയർത്തുന്നതെന്നും അദ്ദേഹം രാജിവെച്ച് ആർ.എസ്.എസിൽ ചേരുന്നതാണ് നല്ലതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ആർ.എസ്.എസ് ആശയങ്ങൾ പഠിച്ചു വരികയാണ് മന്ത്രി. സംസ്ഥാന മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും സജി ചെറിയാന് ആർ.എസ്.എസിന്‍റെ സഹായത്തോടെ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കും. ആർ.എസ്.എസ് നേതാക്കൾ പറയുന്നതിനെക്കാൾ ആർജവത്തോടെയാണ് അവരുടെ ആശയങ്ങൾ സജി ചെറിയാൻ പറയുന്നത്. എങ്ങനെയാണ് ഇത്രയും നീചമായ വാക്കുകൾ ഉപയോഗിക്കാൻ സധിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും അഭിപ്രായം ഇത് തന്നെയാണെങ്കിൽ സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിലനിർത്തുക. മറിച്ചാണെങ്കിൽ മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടുക. അല്ലെങ്കിൽ മന്ത്രിയെ പുറത്താക്കുക. ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്ക്കറെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. ഭരണഘടന നിന്ദ നടത്തിയ മന്ത്രി രാജിവെക്കണമെന്ന് പൊതുജനങ്ങളും ഭരണഘടനാ വിദഗ്ധരും അഭിഭാഷകരും അടക്കമുള്ളവർ ആവശ്യപ്പെടുന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ചവരോട് സഹതാപം മാത്രമാണ്. വിവാദ പരാമർശത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയാതെ സർക്കാർ ഒളിച്ചോടുകയാണ് ചെയ്തത്. നാടും പൊതുസമൂഹവും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്കും സർക്കാറിനും സാധിക്കില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan react to Saji Cherian Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.