ബാബുവിന് ബിഗ് സല്യൂട്ട്, സേനകൾക്ക് അഭിനന്ദനം; സർക്കാറിന് വി.ഡി സതീശന്‍റെ വിമർശനം

കോഴിക്കോട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ പരിശ്രമിച്ച സേനാംഗങ്ങൾക്ക് അഭിനന്ദവും സംസ്ഥാന സർക്കാറിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസത്തോളം മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട് എന്നും സേനകൾക്ക് അഭിനന്ദനങ്ങളെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നമ്മുടെ ദുരന്തനിവാരണ അതോറിറ്റിയുടെയും സംവിധാനങ്ങളുടെയും പ്രൊഫഷണലിസത്തിന്‍റെ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്തനിവാരണ മേഖലയിലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രസ്താവനയുടെ പൂർണരൂപം:

സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാദൗത്യം. സൈന്യത്തിനൊപ്പം വനം, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു.

രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.

നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്.

ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശ്വാസം, സന്തോഷം. സൈന്യത്തിനും എൻ.ഡി.ആർ.എഫിനും നന്ദി... രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

Tags:    
News Summary - VD Satheesan react to Malampuzha Babu Rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.