സർക്കാർ പുറത്തുവിടുന്ന കോവിഡ് മരണപ്പട്ടിക വെട്ടിതിരുത്തിയത് -വി.ഡി. സതീശൻ

കോഴിക്കോട്: വിദഗ്ധ സമിതി വെട്ടിതിരുത്തിയ കോവിഡ് മരണപ്പട്ടികയാണ് സംസ്ഥാന സർക്കാർ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഐ.സി.എം.ആർ മാനദണ്ഡ പ്രകാരമുള്ള എല്ലാ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരാളുടെ ബന്ധു മരിച്ചാൽ അത് കോവിഡ് മൂലമാണോ അല്ലാതെയാണോ എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ് ഇതുവരെ ഉള്ളത്. മരണത്തെ കുറിച്ച് അറിയാൻ പരാതി കൊടുക്കാനാണ് ആരോഗ്യ മന്ത്രി പറയുന്നത്. ഇത് പാവപ്പെട്ടവർ സർക്കാർ ഒാഫീസ് കയറിയിറങ്ങേണ്ട അവസ്ഥ വരും. സർക്കാർ ഒാഫീസിലുള്ളവർ തെളിവ് കൊണ്ടു വരാൻ പരാതിക്കാരോട് ആവശ്യപ്പെടും. സർക്കാറിന്‍റെ കൈയിൽ തെളിവുള്ളപ്പോൾ പരാതി നൽകാൻ പറയുന്നത് എന്തൊരു മര്യാദയാണെന്നും സതീശൻ ചോദിച്ചു.

കോവിഡ് മൂലം മരിച്ച ആയിരക്കണക്കിന് ആളുകളുടെ പട്ടിക നൽകാൻ കഴിയും. തദ്ദേശ സ്ഥാപനങ്ങൾ, ആശുപത്രി, ആശാ വർക്കർ എന്നിവരുടെ കൈവശമുള്ള കണക്കുകളാണ് സർക്കാർ അടിസ്ഥാനമാക്കേണ്ടത്. ആരോഗ്യ വകുപ്പിന്‍റെ കൈവശമുള്ള യഥാർഥ കണക്കുകൾ മരണം കുറവാണെന്ന് കാണിക്കാൻ വേണ്ടി വിദഗ്ധ സമിതി വെട്ടികുറക്കുകയാണെന്നും സതീശൻ പറഞ്ഞു.

കോവിഡ് ഒന്നും രണ്ടും തരംഗത്തിലെ മരണങ്ങൾ സംബന്ധിച്ച് പുനഃപരിശോധന നടത്തണം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ആനുകൂല്യം നൽകുമ്പോൾ മരിച്ചവരുടെ ആശ്രിതർക്ക് കിട്ടാതെ പോകരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിന്‍റേതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan react to Covid Death List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.