തിരുവനന്തപുരം: തലപ്പത്തെ തമ്മിൽ തല്ലിന് പിന്നാലെ, കോൺഗ്രസിൽ ‘രഹസ്യ സർവെ’യെ ചൊല്ലി പുതിയ പോര്. രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നോട്ടുവെച്ച നിർദേശമാണ് പോരിന് വഴിതുറന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതിന് പുറമേ പുറമേ മറ്റ് 42 സീറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ 63 സീറ്റുകളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്നും ഇവിടെ സോഷ്യല്‍ എന്‍ജിനീയറിങ് ശക്തമാക്കണമെന്നുമായിരുന്നു വി.ഡി സതീശന്റെ നിർദേശം.
രാഷ്ട്രീയകാര്യ സമിതിയിൽ എതിർവിഭാഗം ഇത് ചോദ്യം ചെയ്തു. 63 ഇടങ്ങളിലെ വിജയസാധ്യത സതീശൻ ഒറ്റക്കു തീരുമാനിച്ചോയെന്നായിരുന്നു എ.പി.അനില്‍കുമാറിന്റെ ചോദ്യം. പിന്നാലെ, വി.ഡി സതീശൻ സ്വന്തം നിലക്ക് രഹസ്യസർവെ നടത്തിയെന്ന ആക്ഷേപം സതീശൻ വിരുദ്ധപക്ഷം ഹൈക്കമാന്റിന് മുന്നിലെത്തിച്ചു. സർവെയൊന്നും നടത്തിയിട്ടില്ലെന്നും സാഹചര്യങ്ങൾ വിലയിരുത്തി വിജയ സാധ്യതയുള്ള മണ്ഡങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വി.ഡി സതീശനുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.
സർവെ നടത്തേണ്ടത് എ.ഐ.സി.സിയാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സർവെ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് വി.ഡി സതീശൻ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനായുള്ള കരുനീക്കങ്ങളാണ് സർവെ വിവാദത്തിന് പിന്നിലും പ്രവർത്തിക്കുന്നതെന്നാണ് സൂചന. അതേസമയം, വിജയ സാധ്യതയുള്ളതായി കണ്ടെത്തിയ 63 മണ്ഡലങ്ങൾ ഏതൊക്കെയെന്ന് സതീശൻ പാർട്ടിക്ക് മുമ്പാകെ വെളിപ്പെടുത്തിയില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം സംസാരിക്കവെ, എതിർപ്പുയർന്നപ്പോൾ വി.ഡി സതീശൻ പ്രസംഗം നിർത്തുകയായിരുന്നു.
പിന്നീട്, മറ്റു നേതാക്കൾ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും പറയാൻ സതീശൻ തയാറായില്ല. പാർട്ടിയുടെ വിജയത്തിനായി തയാറാക്കിയ പ്ലാൻ വിവാദമാക്കിയതിൽ അദ്ദേഹം നിരാശനാണെന്നാണ് വിവരം. ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചിട്ടുമുണ്ട്.
സംസ്ഥാന കോൺഗ്രസിൽ നയരൂപവത്കരണത്തിനായുള്ള ഏറ്റവും ഉയർന്ന വേദിയാണ് രാഷ്ട്രീയകാര്യ സമിതി. അവിടെയല്ലെങ്കിൽ എവിടെയാണ് തന്റെ പദ്ധതികൾ അവതരിപ്പിക്കേണ്ടത് എന്നാതാണ് സതീശന്റെ ചോദ്യം. പാർട്ടി അറിയാതെ വിജയസാധ്യത പഠിച്ചതിന് പിന്നിൽ പ്രത്യേക താൽപര്യമുണ്ടെന്നും ഏകാധിപത്യ പ്രവണതയെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എതിർപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.