തിരുവനന്തപുരം: ഗ്രൂപ്പുകളുടെ വീതംവെയ്പ്പിലും അധികാര സമവാക്യങ്ങളിലും തളച്ചിട്ട കേരളത്തിലെ പരമ്പരാഗത കോൺഗ്രസ് രാഷ്ട്രീയശൈലിയിൽ ചരിത്രപരമായ തിരുത്താണ് പ്രതിപക്ഷ നേതൃപദവിയിൽ നിന്ന് സംസ്ഥാനത്തിന്റെ ഭരണസാരഥ്യത്തിലേക്കുള്ള വി.ഡി സതീശന്റെ രാജകീയ വരവ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ചങ്ങലകളിൽനിന്ന് കോൺഗ്രസിനെ മോചിപ്പിക്കാനുള്ള പരീക്ഷണമായി 2021ലെ പ്രതിപക്ഷ നേതൃനിയോഗത്തെ പരിഗണിക്കാമെങ്കിൽ യോഗ്യതയും ജനകീയതും മുൻനിർത്തിയുള്ള വിജയസാക്ഷ്യമാണ് ഈ അധികാരലബ്ധിയെന്നതും നിസ്സംശയം. രാഷ്ട്രീയത്തിലെ വിസ്മയങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ച വി.ഡി സതീശനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതമായും ഇഴുകിച്ചേരുന്ന വാക്കായി കൂടി ‘വിസ്മയം’ മാറുകയാണ്. ഇതുവരെ മന്ത്രിസഭയിലെത്താതെ ഇതാദ്യമായി മുഖ്യമന്ത്രിക്കസേരയിലേക്കെത്തുന്നുവെന്നത് സതീശന്റെ സവിശേഷത.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനുണ്ടായ മാറ്റത്തിന്റെ പുതിയ ഭാവമായിരുന്നു വി.ഡി സതീശന്റെ നിയോഗം. തലമുറ മാറ്റം ആഗ്രഹിച്ച അണികൾക്ക് സതീശന്റെ വരവ് നൽകിയ ആവേശം ചെറുതായിരുന്നില്ല. അത് 102 സീറ്റും പിന്നിട്ട് തെരുവിലേക്കൊഴുകി.
1996ലാണ് പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. പരാജയപ്പെട്ടിട്ടും അവിടം വിട്ടു പോയില്ല. നാട്ടുകാരുടെ സന്തോഷത്തിലും കണ്ണീരിലും ചേർന്നുനിന്നു. പിന്നാലെ തുടർച്ചയായി ആറാം വട്ടം പറവൂരും സതീശനൊപ്പം കൂടി.
തദ്ദേശ തെരഞ്ഞടുപ്പിനും മുൻപ് 2025 ജനുവരിയിൽ തന്നെ ‘കോൺഗ്രസിന് 63 സീറ്റ്’ എന്ന മിഷൻ മുന്നിൽ കണ്ടായിരുന്നു വി.ഡി സതീശന്റെ നീക്കങ്ങൾ. മുന്നണി തോറ്റാൽ തന്റെ മാത്രം ഉത്തരവാദിത്തമെന്നും ജയിച്ചാൽ ടീം യു.ഡി.എഫിന്റെ വിജയമെന്നുമായിരുന്നു സതീശന്റ നിലപാട്. വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമെന്ന പ്രഖ്യാപനത്തിൽ പ്രകടനമായതും പിഴക്കാത്ത ആത്മവിശ്വാസമായിരുന്നു.
നിയമസഭയിൽ വിജയിച്ചാലും നൂറെന്ന സീറ്റെണ്ണത്തിലേക്ക് എത്താനായില്ലെങ്കിൽ സതീശന്റെ നേതൃസ്ഥാനംപോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിലെന്ന പോലെ നിയമസഭ തെരഞ്ഞെടുപ്പിലും അജണ്ട സെറ്റ് ചെയ്തതും പ്രതിപക്ഷ നേതാവ് തന്നെ. ഇതിനുളള മണ്ണൊരുക്കമായിരുന്നു കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന പുതുയുഗ യാത്ര. സി.പി.എം- ബി.ജെ.പി ഡീല്‍ തെളിവ് സഹിതം പുറത്തുവിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.ഡി സതീശന് തുടക്കം കുറിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ സര്‍ക്കാരിനെതിരായ മുഴുവന്‍ ആരോപണങ്ങളും ജനങ്ങള്‍ മുന്നിലെത്തിച്ചു.
പ്രതിപക്ഷ നേതാവിനെതിരെ സി.പി.എം സൈബര്‍ ഹാന്‍ഡിലുകള്‍ നടത്തിയ നുണേശന്‍ പ്രയോഗം പിണറായിയും എം.എ ബേബിയും ഉള്‍പ്പെടെ ഏറ്റെടുത്തെങ്കിലും ‘നുണറായി’ എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചതോടെ അതും ഇല്ലാതായി. പരസ്യസംവാദത്തിന് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് പിന്നീട് അതില്‍ നിന്ന് പിന്മാറിയതും വലിയ വാര്‍ത്തയായതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍ക്കൈ നൽകി.
കാലത്തിന്റെ താപനില അളന്ന് വിളിച്ചുപറഞ്ഞും പഴികളും പരാതികളും കേട്ടും പടനിലങ്ങളിൽ പതറാതെയുമായിരുന്നു ചുവടുവെയ്പുകൾ ഒരോന്നും. ഈ മുന്നേറ്റങ്ങളിലെല്ലാം ‘ടീം യു.ഡി.എഫ്’ എന്ന മനോഹരമായ രാഷ്ട്രീയ സാധ്യതകൂടി സതീശൻ ഒപ്പം കൂട്ടി. സാമുദായിക സംഘടനകളെ പരസ്യമായിതന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ച സമീപകാലത്തെ ആദ്യ കോണ്‍ഗ്രസ് നേതാവാണ് സതീശന്. നിയമസഭ തെരഞ്ഞെടുപിന് തൊട്ടുമുൻപ് സതീശനെ മാത്രം ഉന്നംവെച്ച് എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യനീക്കമുണ്ടായതും ഇതിനോട് ചേർത്തുകാണണം. പക്ഷേ, വിദ്വേഷമോ എന്നാൽ വിധേയത്തമോ ഇല്ലാത്തതാതിരുന്നു സതീശന്റെ സമുദായിക സംഘടനകളോടുള്ള നയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.