രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെ സ്വപ്‌നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി -വി.ഡി സതീശന്‍

ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രത്തിലെ മോദി ഭരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള ഇ.ഡി നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാര്‍. ഏകാധിപതികളായ ഹിറ്റ്‌ലറിനും മുസോളിനിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയമാണ്. ഇവരെല്ലാം ഭയത്തില്‍ ജീവിക്കുന്ന ഭീരുക്കളാണ്. രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെയെ സ്വപ്‌നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി. ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം ശക്തമായ തിരിച്ചുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികളെ അപകീര്‍ത്തിപ്പെടുത്താനും ഇഷ്ടക്കാരുടെ ചെയ്തികളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനും ഉപയോഗിക്കുന്നു.

കേരളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് ഇ.ഡി അന്വേഷിക്കാന്‍ സാധ്യമല്ല. കള്ളപ്പണം സംബന്ധിച്ച ഇടപാടുകള്‍മാത്രമാണ് ഇ.ഡിക്ക് അന്വേഷിക്കാന്‍ സാധിക്കുക. ഇ.ഡി അന്വേഷണത്തില്‍ മാത്രം ഒതുക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വിശ്വാസയോഗ്യമല്ല. കാരണം സി.പി.എമ്മും സംഘപരിവാറും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സന്ധിചെയ്ത് സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കുമെന്നും അതിനാലാണ് കോടതി നിരീക്ഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, രമേശ് ചെന്നിത്തല, ടി.യു രാധാകൃഷ്ണന്‍, ടി.സിദ്ധിഖ്,എന്‍.ശക്തന്‍, വി.പ്രതാപചന്ദ്രന്‍, ജി.എസ് ബാബു,ജി.സുബോധന്‍,പഴകുളം മധു,എം.എം നസ്സീര്‍,പ്രതാവര്‍മ്മ തമ്പാന്‍, എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ്,റോജി എം. ജോണ്‍,എം.എൽ.എമാരായ എ.പി അനില്‍കുമാര്‍,അന്‍വര്‍ സാദത്ത്,രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍,ഡി.സി.സി പ്രസിഡന്റുമാരായ രാജേന്ദ്ര പ്രസാദ്,സതീഷ് കൊച്ചുപറമ്പില്‍, ബാബുപ്രസാദ്, സി.പി മാത്യൂ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, കെ.പി.സി.സി,ഡി.സി.സി ഭാരവാഹികള്‍,മുന്‍മന്ത്രിമാര്‍, മുന്‍ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മ്യൂസിയം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ചിന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും നേതൃത്വം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തു.

Tags:    
News Summary - vd satheesan against modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.