എസ്.എഫ്.ഐക്കാരെ പൊലീസുകാര്‍ താഴെയിറക്കുന്ന വാത്സല്യം കണ്ട് അദ്ഭുതപ്പെട്ടു പോയി -വി.ഡി. സതീശൻ

കൊച്ചി (പറവൂര്‍): സര്‍വകലാശാല തല്ലിപ്പൊളിച്ച എസ്.എഫ്.ഐക്കാരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ താഴെയിറക്കുന്ന പൊലീസിന്റെ വാത്സല്യം കണ്ട് അദ്ഭുതപ്പെട്ടു പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സര്‍വകലാശാലയിലെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല. പ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ തടവിലാക്കപ്പെടുന്നത് കുട്ടികളാണ് -അദ്ദേഹം പറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിസാരമായ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ക്കും പ്രവേശിക്കാനാകാത്ത സ്ഥിതിയുണ്ടാക്കി, ഇതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അവസ്ഥയെന്ന് പുരപ്പുറത്ത് കയറി ഇരുന്ന് വിളിച്ച് പറയുകയായിരുന്നു സര്‍ക്കാര്‍. അപ്പോഴും പ്രതിപക്ഷം പറഞ്ഞത് പ്രശ്‌നം പരിഹരിക്കണമെന്നാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരം തുടങ്ങിയപ്പോള്‍ ആ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്. ഗവര്‍ണര്‍ക്കെതിരെയാണ് സമരമെങ്കില്‍ എന്തിനാണ് സര്‍വകലാശാലകള്‍ സ്തംഭിപ്പിച്ചതും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും തല്ലിയത്? സരാഭാസമാണ് നടത്തിയത്. ഇപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ അഞ്ച് മിനിട്ട് പോലും എടുത്തില്ലല്ലോ? പ്രതിപക്ഷം ആവശ്യപ്പെട്ടതില്‍ അവസാനം എത്തിയതില്‍ സന്തോഷമുണ്ട് -സതീശൻ പറഞ്ഞു.

ഇവിടെ എല്ലാം കുഴപ്പമാകണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളത്. യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരാന്‍ പോകുകയാണ്. കേരളം മുഴുവന്‍ കുഴപ്പമാക്കിയിട്ടല്ല ഞങ്ങള്‍ അധികാരത്തിലേക്ക് വരുന്നത്. തെറ്റുകള്‍ ഉണ്ടായാല്‍ അത് ചൂണ്ടിക്കാട്ടും. ഇവിടെ സര്‍ക്കാരും സി.പി.എമ്മും തെറ്റ് ചെയ്തു. എന്നിട്ട് എസ്.എഫ്.ഐക്കാരെ കൊണ്ട് ചുടുചോറ് മാന്തിച്ചു. എന്നിട്ടാണ് ഇപ്പോള്‍ 5 മിനിട്ട് കൊണ്ട് പ്രശ്‌നം പരിഹരിച്ചത്. ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച പൊലീസുകാരാണ് എസ്.എഫ്.ഐക്കാരെ ചേര്‍ത്ത് പിടിച്ചത്. സര്‍വകലാശാല മുഴുവന്‍ തല്ലിപ്പൊളിച്ച എസ്.എഫ്.ഐക്കാരെ ഒരു പോറല്‍ പോലും എല്‍പ്പിക്കാതെ പൊലീസുകാര്‍ താഴെയിറക്കുന്ന വാത്സല്യം കണ്ടിട്ട് കേരള പൊലീസിനെ കുറിച്ച് അദ്ഭുതപ്പെട്ടു പോയി -അദ്ദേഹം പറഞ്ഞു.

‘ആകെ 500 കുടുംബങ്ങളേ അവിടെയുള്ളൂ, അവര്‍ക്ക് വേണ്ടി 742 കോടി കിട്ടിയിട്ട് ഒരു വര്‍ഷം തികയുന്നു’​

വയനാട് പുനരധിവാസത്തിന് കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവിനെ കുറിച്ച് ചോദിക്കുന്ന കൈരളി ടി.വി, വയനാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി പിരിച്ച 742 കോടി സര്‍ക്കാര്‍ പിരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇത്രയും പണം ലഭിച്ചിട്ടും വയാട്ടിലെ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനോ വാടക നല്‍കാനോ ഗുരുതര രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള സഹായമോ കുട്ടികള്‍ക്ക് പഠിക്കാനുള്ള സഹായമോ നല്‍കുന്നില്ല. ഞങ്ങളൊക്കെയാണ് എം.എല്‍.എ മുഖേന വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നത്. ബാങ്കില്‍ ഇട്ടിരിക്കുന്ന 742 കോടി ആ പാവങ്ങള്‍ക്ക് നല്‍കാന്‍ പറ. ആകെ 500 കുടുംബങ്ങളെ അവിടെയുള്ളൂ. അവര്‍ക്ക് വേണ്ടിയുള്ള 742 കോടി കിട്ടിയിട്ട് ജൂലൈ 30 ന് ഒരു വര്‍ഷം തികയുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - vd satheesan against kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.