പുൽപള്ളി: കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റായി നിയമിക്കപ്പെട്ട സണ്ണി ജോസഫ് യോഗ്യനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ പ്രഖ്യാപനം 2026ലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. പുൽപള്ളി കൊളവള്ളിയിൽ ഫിലോകാലിയ ഫൗണ്ടേഷൻ നിർമിക്കുന്ന വീടുകളുടെ ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സാമൂഹിക സന്തുലിതാവസ്ഥ കണക്കിലെടുത്താണ് കെ.പി.സി.സി പ്രസിഡന്റിനെയടക്കം നിയമിക്കുന്നത്. സണ്ണിജോസഫ് മൂന്ന് തവണ എം.എൽ.എ ആയ ആളാണ്. മികച്ച പാർലമെന്റേറിയനും സംഘാടകനുമാണ്. മറ്റ് പലരുടെയും പേരുകൾ ഉയർന്നുവന്നത് മാധ്യമസൃഷ്ടിയാണ്. താഴെ തട്ടിൽ വരെ മാറ്റങ്ങൾ ഉണ്ടാകും. ഇതെല്ലാം തീരുമാനിക്കുന്നത് കോൺഗ്രസ് നേതൃസമിതിയാണ്. കെ. സുധാകരൻ കോൺഗ്രസിന്റെ മുൻനിരയിൽ തന്നെ ഉണ്ടാകും.
ഇതുവരെ ഒരു പിണക്കത്തിനോ വഴക്കിനോ അദ്ദേഹം നിന്നിട്ടില്ല. നൂറ് സീറ്റ് ആണ് അടുത്ത തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി വന്ന രാജീവ് ചന്ദ്രശേഖർ ഒരു ഭാരവാഹിത്വവും ഇല്ലാത്ത ആളാണ്. ഇത്തരത്തിലല്ല കോൺഗ്രസിന്റെ പ്രവർത്തനമെന്നും കഴിവുള്ളവർ നേതൃനിരയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊടുപുഴ: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ നീക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ തൊടുപുഴ നഗരത്തിൽ സുധാകരന് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ ഉയർന്നു. വ്യാഴാഴ്ച രാവിലെയാണ് ‘സേവ് കോൺഗ്രസ് തൊടുപുഴ’യുടെ പേരിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ ഉയർന്നത്. കെ. സുധാകരൻ കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ധീരമായ നേതൃത്വം’ എന്നു മാത്രം എഴുതിയ ബോർഡുകളാണ് ഗാന്ധി സ്ക്വയറിന് സമീപത്തും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും പ്രത്യക്ഷപ്പെട്ടത്.
പാലക്കാട്: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതിൽ കോൺഗ്രസ് ഹൈകമാൻഡിന് സ്നേഹാഭിവാദ്യങ്ങളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷമാണിത്. പ്രസിഡന്റായി കണ്ണൂരിൽനിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്. സണ്ണി ജോസഫ് തെരഞ്ഞെടുപ്പ് വിദഗ്ധനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.