വിരാമമില്ലാത്ത വി.സി ഹാരിസ്​

വി.സി. ഹാരിസ് എല്ലാവരുടേയുമായിരുന്നു. പാഠം എന്ന ഒറ്റ വൃത്തമില്ല, പാഠഭേദങ്ങളാണ് എന്നു കുട്ടികളെ പഠിപ്പിച്ചതു പോലെയാണ് ആ ജീവിതം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം കുട്ടികൾക്കൊപ്പം ചെലവഴിച്ച് മികച്ച അധ്യാപകനായി. അവരുടെ തോളിൽ കൈയിട്ടു നടന്ന് ഏറ്റവുമടുത്ത കൂട്ടുകാരനായി. 

ഹാരിസിനെ ‘കേരള ദരീദ’ എന്ന് കുട്ടികൾ വിളിച്ചു. ഉത്തരാധുനികത എന്ന് സാഹിത്യലോകം പറഞ്ഞു തുടങ്ങുന്ന കാലത്ത് ഉത്തരാധുനികമായ ധൈഷണിക ചിന്തകള്‍ കാമ്പസ്സിന് പകർന്ന  അധ്യാപകനായിരുന്നു  അധ്യാപകനായിരുന്നു വി.സി. ഹാരിസ്. വിസ്തൃതമായ പാഠങ്ങളിലേക്ക്, പാരായണങ്ങളിലേക്ക് കുട്ടികളെ വഴി തിരിച്ചുവിടാൻ  ഉത്സാഹിച്ച മാഷ്   ക്ലാസ്സ്സ്മുറിയുടെ അതിർത്തികളെ വികസ്വരമാക്കിക്കൊണ്ടേയിരുന്നു.  

ക്ലാസ് മുറികളിൽനിന്ന് പ്രഭാഷണ വേദികളിലേക്ക്, ഓപ്പൺ ഫോറങ്ങളിലേക്ക്, ആഴമുള്ള ചിന്തകളെ കൊണ്ടുപോകാനും അവയെ ക്രിയാത്മക ചർച്ചയ്ക്ക് വെക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.  സാമ്പ്രദായികതയുടെ മുരടിച്ച വിചാരങ്ങളല്ല, നവീന ധാരകളുടെ നിരന്തരമായ അപ്ഡേഷനാണ് ഹാരിസ് മാഷ് പങ്കുവച്ചത്.


ഇംഗ്ലിഷ് സാഹിത്യം പഠിപ്പിക്കുമ്പോഴും മലയാള സാഹിത്യത്തെ ചേർത്തു പിടിച്ചു. ബഷീറിനെ, വി.കെ. എന്നിനെ ആഴത്തിൽ സാഹിത്യവിചാരം ചെയ്തു. ത​​​​െൻറ ലേഖനങ്ങളിലൂടെ കുറിപ്പുകളിലൂടെ അവതാരികകളിലൂടെ ഇരു സാഹിത്യത്തിലേയും പുതു ചിന്തകളെ വിതറിയിട്ടു.

സാഹിത്യവും തത്വചിന്തയും മാത്രമല്ല, സിനിമയും നാടകവും  ഹാരിസ് മാഷുടെ ജീവിതത്തി​​​​െൻറ അവിഭാജ്യതയായിരുന്നു. സിനിമയെ ഭ്രാന്തമായി സ്നേഹിച്ചു. ഓരോ ഫിലിം ഫെസ്റ്റിവലും ഒരു രാഷ്ട്രീയ പ്രവർത്തനം പോലെ നടത്തി. ഒരു പദവിയും ലഭിക്കാനല്ല, മറിച്ച് സിനിമയെയും സിനിമാസ്വാദകരെയും സദസ്സുകളെയും നിരന്തരം പുതുക്കാനാണ് മാഷ് ഫെസ്റ്റിവൽ വേദികളിലെത്തിയത്.

സിനിമ / നാടക ഔപചാരിക പഠന കേന്ദ്രങ്ങളിലേതിനേക്കാൾ കൺസ്ട്രക്റ്റീവായ  ഡീകൺസ്ട്രക്ഷൺ നടത്തുന്നതിൽ ഹാരിസ്മാഷെ കഴിഞ്ഞേ ആളുള്ളൂ.iFFk വേദിയിലെ ഓപൺ ഫോറത്തിന് കനം വരുന്നത് ഹാരിസ് മാഷെ പോലൊരാൾ മൈക്കേന്തുമ്പോഴാണ്.

നാടകവും നാടകക്കളരികളും ഹാരിസ് മാഷിന് ഒരിടപെടൽ തന്നെയായിരുന്നു. അഭിനയിക്കുന്നതും നാടകസംഘാടനം നടത്തുന്നതും  ഒരു തരം പഠിപ്പിക്കലായിരുന്നു. ഏത് കൂട്ടത്തിലും ഒറ്റക്ക് കയറി ഗോളടിക്കുന്ന അധിപതിയായിരുന്നില്ല മാഷ്. കുട്ടികളെ ഒപ്പം നിർത്തി  സർഗാത്മകരാക്കുന്ന നല്ല ക്യാപ്റ്റനായി.

ഹാരിസി​​​​െൻറ രാഷ്ട്രീയം ധീരമായിരുന്നു, മനുഷ്യത്വമുള്ളതായിരുന്നു. നിലപാടുകളുള്ളതായിരുന്നു. പലപ്പോഴും താനിഷ്ടപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് കലഹിച്ചിട്ടുണ്ട്.. അത് കാലത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തമായി കരുതി ഉറച്ചു നിന്നു.

നവസാമൂഹികതയുടെ രാഷ്ട്രീയത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. പരിപൂർണ്ണ സ്ത്രീ വാദിയായി, പരിസ്ഥിതിവാദിയായി, ദലിതനു വേണ്ടി സംസാരിച്ചു. മതേതരവാദിയായി. മതേതരമായി  തൻറേടത്തോടെ ജീവിക്കുന്ന  തലമുറകളെ  വിരിയിച്ചു. ലൗ ജിഹാദും, ഘർ വാപസിയും സമാധാനം കെടുത്തുന്ന പുതുകാല സമൂഹത്തിൽ മനുഷ്യരായി ജീവിക്കുന്ന കൂട്ടങ്ങളെയാണ്  മാഷ് സൃഷ്ടിച്ചത്.

അലങ്കാരങ്ങളും ആർഭാടങ്ങളുമില്ലാതെ ലളിതമായി ജീവിച്ചു. കുട്ടികളാണ് സമ്പാദ്യമെന്ന് തിരിച്ചറിഞ്ഞു. അക്കാദമികവ്യവഹാരങ്ങളാൽ  ചവിട്ടിയരക്കപ്പെട്ടിട്ടും സഹൃദയനായേ നിന്നിട്ടുള്ളൂ. ഒരുപാട് കാലം  ശമ്പളം കിട്ടാതെ ഞെരുങ്ങിയ കാലത്തും കുട്ടികളെ ഊട്ടി. ലെറ്റേഴ്സിലെ ആദ്യ തലമുറയെയും ഏറ്റവുമൊടുവിലെ തലമുറയെയും കൂട്ടിച്ചേർക്കുന്ന  കണ്ണിയായിരുന്നു മാഷ്. ഹാരിസ് മാഷുടെ ശിഷ്യർ  എന്ന് പരസ്പരം കുട്ടികൾ കൈകോർത്തു കെട്ടിപ്പിടിക്കും. എത്രയോ പേർ അധ്യാപകരായി, മാധ്യമ പ്രവർത്തകരായി, കവികളായി, വിവർത്തകരായി, കൃഷിക്കാരായി.

പക്ഷേ ലെറ്റേഴ്‌സുകാർ എന്നത്  ഒരു മാന്ത്രിക കൂട്ടായ്മയാണ്. എത്ര പറത്തി വിട്ടാലും  ആ വലിയ മരത്തിലേക്ക് തന്നെ പറന്നെത്താനാകുന്ന കൂട്ടായ്മ.  അധ്യാപനത്തി​​​​െൻറ ഔദ്യോഗിക സമയപരിധി തീരാൻ മാസങ്ങൾ അവശേഷിക്കെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന്  ഔപചാരികമായി വിരമിക്കാതിരുന്നതും ഒരു കാവ്യനീതിയാണ്. അതങ്ങനെയേ പറ്റൂ... മാഷ്ക്ക് വിരാമമില്ല.

Tags:    
News Summary - VC Harris Mash Special Story-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.