വത്തിക്കാൻ പ്രതിനിധി ബിഷപ് ആന്‍റണി കരിയിലിനെ കണ്ടു; രാജി വാങ്ങിയെന്ന് സൂചന

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട ഭിന്നതകൾ സംബന്ധിച്ച് മെത്രാപ്പോലീത്തന്‍ വികാരി ബിഷപ് ആന്‍റണി കരിയിലുമായി വത്തിക്കാൻ പ്രതിനിധി ഡോ. ജിയോപോൾ ദോ ജിറേല്ലി കൂടിക്കാഴ്ച നടത്തി.

എറണാകുളം ബിഷപ്സ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആന്‍റണി കരിയിൽ രാജിക്കത്ത് കൈമാറിയതായാണ് സൂചന. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിന് സിറോ മലബാർ സഭ തയാറായിട്ടില്ല. വത്തിക്കാനിൽനിന്നാണ് സ്ഥിരീകരണം വരേണ്ടതെന്ന് സഭ വക്താവ് അറിയിച്ചു. ബിഷപ്പുമായി കൂടിക്കാഴ്ചക്കുശേഷം വത്തിക്കാൻ പ്രതിനിധി ചൊവ്വാഴ്ച തന്നെ മടങ്ങി.ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്‍റെയും സിനഡിന്‍റെയും നിര്‍ദേശം പാലിക്കാത്തതിനെത്തുടർന്ന് ബിഷപ്പിനോട് സ്ഥാനം രാജിവെക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. ഭൂമിയിടപാട്, കുര്‍ബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്ക് ഒപ്പമായിരുന്നു ബിഷപ് ആന്‍റണി കരിയില്‍. സഭയിലെ 35 രൂപതയില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്.

എന്നാൽ, ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വത്തിക്കാൻ സ്ഥാനപതിയുടെ സന്ദർശനത്തോടെ അതിരൂപതയിൽ നാളുകളായി നിലനിൽക്കുന്ന ഭരണപരമായ അനിശ്ചിതത്വവും വിവാദങ്ങളും അവസാനിപ്പിച്ച് ആധിപത്യം ഉറപ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്‍റെ ശ്രമം.

കുര്‍ബാന വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന പരസ്യനിലപാടും ബിഷപ് ആന്‍റണി കരിയില്‍ സ്വീകരിച്ചിരുന്നു.വത്തിക്കാൻ പ്രതിനിധി ബിഷപ് ആന്‍റണി കരിയിലിനെ കണ്ടു 

'രാജിയിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല'

കൊച്ചി: ആര്‍ച് ബിഷപ് ആന്‍റണി കരിയിലിന്‍റെ നിര്‍ബന്ധിത രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തക്ക് ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ലെന്ന് അതിരൂപത സംരക്ഷണസമിതിയുടെയും അൽമായ മുന്നേറ്റത്തിന്‍റെയും ബസിലിക്ക കൂട്ടായ്മയുടെയും സംയുക്ത യോഗം. മാര്‍പാപ്പയുടെ തീരുമാനത്തിന് വിധേയപ്പെട്ടുകൊള്ളാമെന്നാണ് ആര്‍ച് ബിഷപ് കരിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് അറിയുന്നത് യോഗം വ്യക്തമാക്കി.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് നേരിട്ടാണ് ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ലെയോപോള്‍ഡ് ജിറെല്ലി ആര്‍ച് ബിഷപ് ആന്‍റണി കരിയിലിനെ നേരിട്ട് കണ്ടത്. വത്തിക്കാന്‍റെ നിർദേശപ്രകാരം ആൻറണി കരിയില്‍ സ്ഥാനത്തുനിന്നും മാറിനിന്നാലും പുതിയ സംവിധാനങ്ങള്‍ വത്തിക്കാന്‍ നേരിട്ട് നടത്തുമെന്നാണ് കരുതുന്നത്.

ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടും കൂടെ നിന്നുവെന്ന കുറ്റമാണ് കരിയില്‍ പിതാവില്‍ ചാര്‍ത്തുന്നത്. സിറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ അധികാര ദുര്‍വിനിയോഗത്തിന്‍റെ ഇരയാക്കിമാറ്റപ്പെടുകയാണ് അദ്ദേഹമന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വാർത്തകുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Vatican representative meets Bishop Antony kariyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.