വാനില വില മേലോട്ട്

കോലഞ്ചേരി: ഒരുകാലത്ത് കേരളത്തിലെ കര്‍ഷകരെ കണ്ണീരുകുടിപ്പിച്ച വാനിലക്കിപ്പോള്‍ സുവര്‍ണകാലം. മാര്‍ക്കറ്റില്‍ വാനില ഉണക്ക ബീന്‍സിന് കിലോഗ്രാമിന് 10,000 രൂപയാണ് വില. ഒരാഴ്ച മുമ്പുവരെ കിലോക്ക് 200 മുതല്‍ 300 വരെയായിരുന്നു വില. വാനില ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന മഡഗാസ്കറിലെ കൃഷിനാശമാണ് വില ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം പ്രതികൂലമായതോടെ  മഡഗാസ്കറില്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വാനിലക്ക് ഇവിടെ വില കൂടാന്‍ കാരണമായത്.
 റബര്‍ വിലയിടിവിനെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി  കര്‍ഷകരാണ് 1999-2000 കാലത്ത് വാനില കൃഷിയിലേക്ക് തിരിഞ്ഞത്.  എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഏക്കറുകണക്കിന് ഭൂമിയിലാണ് വന്‍ പ്രതീക്ഷകളുമായി കര്‍ഷകര്‍ വാനിലകൃഷി ആരംഭിച്ചത്. അക്കാലത്ത്  ഉണക്ക ബീന്‍സിന് 22,000 രൂപയും പച്ചക്ക് 5000 രൂപയും മാര്‍ക്കറ്റില്‍ വിലവന്നു.
എന്നാല്‍, 2008ഓടെയാണ് വാനിലവില താഴേക്കായത്. കിലോക്ക് 50 രൂപക്കുപോലും എടുക്കാന്‍ ആളില്ലാതായി. ഈ സ്ഥിതി തുടര്‍ന്നതോടെ ഭൂരിഭാഗം കര്‍ഷകരും കൃഷിയില്‍നിന്ന് പിന്മാറി. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് പലരും നശിപ്പിച്ചത്. ഇക്കാലയളവില്‍ റബറിന് നേരിയ വിലക്കയറ്റമുണ്ടായതോടെ  പലരും റബര്‍ കൃഷിയിലേക്ക് തിരിച്ചുവരുകയും ചെയ്തു. എന്നാല്‍,  വാനിലയുടെ വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - vanila price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.