തിരുവനന്തപുരം: ചെയർ കാറിൽ സീറ്റുകൾ നീല നിറത്തിലാണ്, എക്സിക്യൂട്ടിവ് കോച്ചിൽ ചുവപ്പും സീറ്റുകളുടെ എണ്ണവും വണ്ണവും വ്യത്യസ്തവും. വിമാനത്തിന്റേത് സമാനമായ രീതിയിലാണ് എല്ലാ കോച്ചിന്റെയും ഉള്‍വശം രൂപകൽപന ചെയ്തിരിക്കുന്നത്. കേട്ടറിവുകളെക്കാൾ സൗകര്യങ്ങളുടെ കാര്യത്തിൽ നേരിട്ടറിവുകളേകിയായിരുന്നു വന്ദേ ഭാരതിന്റെ ആദ്യയാത്ര.
രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് കോച്ചുകളടങ്ങുന്ന 16 കോച്ചുകളാണ് വന്ദേ ഭാരത് ട്രെയിനിലുള്ളത്. 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്സിക്യൂട്ടിവ് ക്ലാസ് സീറ്റുകളും അടങ്ങുന്നതാണ് ട്രെയിന്‍. മൂന്ന് സീറ്റുകൾ വീതവും രണ്ട് സീറ്റുകൾ വീതവുമുള്ള രണ്ട് നിരകളാണ് ചെയർ കാറിൽ. എക്സിക്യൂട്ടിവിലാകട്ടെ രണ്ടുവീതം സീറ്റുകളുള്ള രണ്ട് നിരകളും. 180 ഡിഗ്രിയിൽ തിരിയുന്ന എക്സിക്യൂട്ടിവ് കോച്ചിലെ സീറ്റുകൾ യാത്രക്കാർ പുതിയ അനുഭവം. സീറ്റിന് താഴെ പെഡലുണ്ട്. അതിൽ ചവിട്ടിയിലാണ് സീറ്റ് തിരിക്കാനാകുക. പക്ഷേ, രണ്ട് സീറ്റും ഒന്നിച്ച് തിരിയുന്ന രീതിയിയാലാണ് ക്രമീകരണം. ഒപ്പമുള്ളയാൾ സമാന മനസ്കനല്ലെങ്കിൽ പൊല്ലാപ്പാകും.
ഹാൻഡ് റെസ്റ്റിന്റെ ഭാഗത്ത് ഉള്ളിലേക്ക് മടക്കിവെക്കാവുന്ന വിധമാണ് ഫുഡ് ടേബിൾ. ആവശ്യമുള്ളവർ പുറത്തേക്കെടുത്ത് നിവർത്തിവെക്കാം. ചെയർകാറിൽ പക്ഷേ, ജനശതാബ്ദിയുടെ മാതൃകയിൽ മുന്നിലെ സീറ്റിനോട് ചേർന്നാണ് നിവർത്തി വെക്കാവുന്ന ഫുഡ്ടേബിളുള്ളത്. കുടിവെള്ളം വെക്കുന്നതിനും മാഗസിനുകൾ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. സീറ്റുകൾ പിന്നിലേക്ക് ചരിക്കാവുന്ന പുഷ്ബാക്ക് സൗകര്യമാണ് സീറ്റുകളിലെല്ലാം. കാലുകൾ ഉയർത്തിവെക്കാൻ പ്രത്യേകം ഫൂട്റെസ്റ്റുകളും.
ചുവപ്പുബട്ടൺ, നേരിട്ട് സംസാരിക്കാൻ ‘എമർജൻസ് ടോക്ക്’
ചങ്ങലക്ക് പകരം ചുവപ്പ്നിറത്തിലുള്ള ബട്ടണുകളാണ് വന്ദേ ഭാരതിൽ. ഇതിൽ അമർത്തിയാൽ ട്രെയിൻ നിൽക്കും. അടിയന്തര ഘട്ടങ്ങളിൽ ലോക്കോ പൈലറ്റിനോടും ട്രെയിൻ മാനേജറോടും സംസാരിക്കാൻ സാധിക്കുന്ന എമർജൻസ് ടോക്ക് സംവിധാനം എല്ലാ കോച്ചിലും രണ്ടെണ്ണം വീതം. ബട്ടണിൽ അമർത്തിയാൽ ഉദ്യോഗസ്ഥരുമായി സംസാരിക്കാം. ഇതിൽതന്നെ കാമറയുമുണ്ടെന്നതിനാൽ സംസാരിക്കുന്നയാളിനെ ഉദ്യോഗസ്ഥർക്ക് കാണാനും കഴിയും.
ലഗേജുകൾ സൂക്ഷിക്കാൻ കണ്ണാടികൊണ്ടുണ്ടാക്കിയ റാക്കുകളാണുള്ളത്. വലിയ പ്രകാശത്തിന് പകരം ബാഗുകൾ തിരിച്ചറിയാൻ കഴിയുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് ഇവിടെയുള്ളത്. ലൈറ്റിൽ അമർത്തിയാൽ തെളിയും. നിശ്ചിത സമയം കഴിയുമ്പോൾ സ്വയം അണയും.
കാഴ്ചയില്ലാത്തവര്‍ക്ക് സീറ്റുകള്‍ കണ്ടുപിടിക്കാനായി ബ്രെയിലി ലിപിയില്‍ സീറ്റ് നമ്പരുകള്‍ സീറ്റിന്റെ വശങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്.
ബോഗികളെ വേർതിരിക്കാൻ നീങ്ങിമാറുന്ന വാതിൽ
ബോഗികളെ തമ്മിൽ വേർതിരിക്കുന്ന ഭാഗത്ത് സ്ലൈഡിങ് വാതിലുകളാണ് വന്ദേ ഭാരതിന്റെ പ്രത്യേകത. സെൻസറുകളിൽ പ്രവർത്തിക്കുന്ന ഈ സുതാര്യമായ ഗ്ലാസ് ഡോറുകൾ ആൾ സാന്നിധ്യമുണ്ടാകുമ്പോൾ സ്വയം തുറക്കും. ലോക്കോ പൈലറ്റ് നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് മറ്റൊന്ന്.
കൈ ചൂടാക്കിയുണക്കാനുള്ള ഹാൻഡ് ഡ്രൈയർ, അത്യാധുനിക വാഷ്ബേയ്സനുകൾ, വാക്വം ബയോടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ശുചിമുറികൾ. എല്ലാ കോച്ചുകളിലും ചൂടും തണുപ്പുമുള്ള ആഹാരസാധനങ്ങളും പാനീയങ്ങളും സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങളും എല്ലാ കോച്ചിലും ഒരുക്കിയിട്ടുണ്ട്. ആഹാരം വിതരണം ചെയ്യാനും അത് മോണിറ്റര്‍ ചെയ്യാനും ജീവനക്കാരും തയാറാണ്.
വിദ്യാർഥികളോട് സംവദിച്ചും അഭിനന്ദനമറിയിച്ചും പ്രധാനമന്ത്രി
തിരുവനന്തപുരം: വിദ്യാർഥികളുമായി സംവദിച്ചും അഭിനന്ദനങ്ങൾ നേർന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് തൊട്ടുമുമ്പാണ് സി-വൺ കോച്ചിലെത്തി പ്രധാനമന്ത്രി കുട്ടികളെ കണ്ടത്. സ്കൂളുകളിൽ നടത്തിയ ഉപന്യാസം, പെയിന്റിങ്, കവിതരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ 43 കുട്ടികൾക്കായിരുന്നു പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം. ദേശീയപതാകയും പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളുമായാണ് കുട്ടികൾ എത്തിയത്.
ഓരോരുത്തരുടെയും അടുത്തെത്തി ചിത്രങ്ങൾ നോക്കിയ പ്രധാനമന്ത്രി വിശദാംശങ്ങൾ ആരാഞ്ഞു. ഓരോരുത്തരുടെയും സൃഷ്ടികളെ അഭിനന്ദിച്ചു. തനിക്ക് ഇതുപോലെ ചിത്രം വരക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ചിത്രങ്ങളിലെല്ലാം അദ്ദേഹം ഒപ്പിട്ടും നൽകി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി ‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ’ കവിത ചൊല്ലി. ഏതാണ്ട് 10 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്കൂൾ തല മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനം നേടിയവർക്കും രക്ഷാകർത്താക്കൾക്കൊപ്പം ട്രെയിനിൽ ആദ്യയാത്രക്ക് അവസരമൊരുക്കിയിരുന്നു. കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ കയറി. ആദ്യദിനത്തിൽ 73 വിദ്യാർഥികൾക്കാണ് അവസരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.