വൈത്തിരി കെ.എൽ.ആർ കേസ്: തഹസിൽദാർ ഉൾപ്പെടെ മൂന്നു പേർക്ക് സസ്‌പെൻഷൻ

വൈത്തിരി: കെട്ടിട നിർമാണത്തിന് വൈത്തിരി താലൂക്ക് ഓഫീസിൽ നിന്നും കെ.എൽ.ആർ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ തഹസിൽദാരടക്കം മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വൈത്തിരി തഹസിൽദാരായിരുന്ന ബി. അഫ്സൽ, ബത്തേരി ഡെപ്യൂട്ടി തഹസിൽദാർ കെ.ജി രെണകുമാർ, സെക്ഷൻ ക്ലർക്ക് എ.പി സുജേഷ് എന്നിവരാണ് സസ്പെൻഷനിലായത്. അഫ്സൽ ഇപ്പോൾ കണ്ണൂർ തലശ്ശേരി എൽ.എ തഹസിൽദാരായി ജോലി ചെയ്യുകയാണ്. ഇദ്ദേഹത്തെ ജില്ലാ കലക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമീഷണറാണ് സസ്‌പെൻഡ് ചെയ്തത്. മറ്റു രണ്ടു പേരെയും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ലയാണ് സസ്‌പെൻഡ് ചെയ്തത്.

വൈത്തിരി പഞ്ചായത്തിൽ ലഭിച്ച കെട്ടിട നിർമാണത്തിന് അപേക്ഷയോടൊപ്പം നൽകിയ കെ.എൽ.ആർ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെ.എൽ.ആറിൽ ഉൾപ്പെട്ട ഭൂമിക്കു, അതല്ലെന്ന സർട്ടിഫിക്കറ്റ് താലൂക്ക് ഓഫീസിൽ നിന്നും അനുവദിച്ചതായി കണ്ടെത്തിയത്. വില്ലേജ് ഓഫിസിൽ നിന്നും നൽകി വരുന്ന കെ.എൽ.ആർ സർട്ടിഫിക്കറ്റുകൾ താലൂക്ക് ഓഫിസിൽ നിന്നും നൽകിയത് സംശയമുയർത്തിയിരുന്നു. ഇതേതുടർന്ന് കലക്ടർ ആവശ്യപ്പെട്ട പ്രകാരം വൈത്തിരി തഹസിൽദാർ റിപ്പോർട്ട് നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു

ബി. അഫ്സൽ വൈത്തിരി എൽ.എ തഹസിൽദാറായിരുന്നപ്പോഴാണ് കൂടുതൽ കെ.എൽ.ആർ സാക്ഷ്യപത്രങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥന്മാരായിരുന്നു രെണകുമാറും സുജേഷും. രെണകുമാർ ഇപ്പോൾ ബത്തേരി താലൂക്ക് ഡെപ്യുട്ടി തഹസിൽദാറാണ്. സുജേഷ് വൈത്തിരി താലൂക് ഓഫീസിലെ സെക്ഷൻ ക്ലർക്കാണ്

വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ് കേസിൽ വൈത്തിരി പൊലീസ് കൊടുവള്ളി സ്വദേശികളായ രണ്ടു പേർക്കെതിരെ എഫ്‌.ഐ.ആർ രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

Tags:    
News Summary - Vaithiri KLR case: Three suspended, including tehsildar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.