വൈക്കം നഗരസഭ: ചെയർപേഴ്സനെതിരെ നടപടിയുമായി യു.ഡി.എഫ്

വൈക്കം: പാർട്ടി നിലപാട് തള്ളിയ യു.ഡി.എഫ് നഗരസഭ അധ്യക്ഷക്കെതിരെ നടപടിയുമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. അധ്യക്ഷക്ക് നോട്ടീസ് നൽകാൻ ഡി.സി.സി തീരുമാനിച്ചു.യു.ഡി.എഫിനെ പിന്തുണക്കുന്ന സ്വതന്ത്ര കൗൺസിലറെ കൗൺസിലിൽനിന്ന് സസ്പെൻഡ് ചെയ്തതാണ് അധ്യക്ഷക്ക് വിനയായത്. ഒന്നാംവാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. അയ്യപ്പൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് രാധിക ശ്യാമിന്‍റെ ആരോപണം.

ഇതുസംബന്ധിച്ച് ചെയർപേഴ്സൻ യു.ഡി.എഫ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ബ്ലോക്ക് പ്രസിഡന്‍റ് അക്കരപ്പാടം ശശി ഇരുവിഭാഗത്തെയും വിളിച്ച് കാര്യങ്ങൾ തിരക്കി. എന്നാൽ, ചെയർപേഴ്സനെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെട്ടില്ല. കൗൺസിലർമാരോട് മാറിമാറി ചോദിച്ചിട്ടും ആരും പറയുന്നില്ലെന്നാണ് ബ്ലോക്ക് പ്രസിഡന്‍റ് പറയുന്നത്.

താൻ ഭീഷണിപ്പെടുത്തിയില്ലെന്ന് അയ്യപ്പനും പറയുന്നു. ഇതിനിടെ പാർട്ടി നിർദേശമില്ലാതെ അയ്യപ്പനെ കൗൺസിലിൽനിന്ന് സസ്പെൻഡ് ചെയ്തെന്നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ പരാതി. പ്രതിപക്ഷ കൗൺസിലർമാരാണ് ചെയർമാനെ നിയന്ത്രിക്കുന്നതെന്ന ആരോപണവും ഉണ്ട്.

നഗരസഭ അധ്യക്ഷക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചെയർമാൻ പി.ടി. സുഭാഷ് ബ്ലോക്ക് കമ്മിറ്റിക്ക് കത്തുനൽകി. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.സി.സി നോട്ടീസ് നൽകാൻ തീരുമാനിച്ചത്.എന്നാൽ, മുൻ ഭരണകാലത്തും നഗരസഭ കൗൺസിലർമാരെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും താൻ നേതൃത്വത്തെ തള്ളിപ്പറയുകയാണെന്ന് ചിലർ പ്രചാരണം നടത്തുകയാണെന്നും ചെയർപേഴ്സൻപറയുന്നു. 

Tags:    
News Summary - Vaikom Municipality: UDF takes action against Chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.