തൃശൂർ: വാടാനപ്പള്ളിയിലെ ചാംമ്പ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് നടനും ബി.ജെ.പി നേതാവുമായ ദേവൻ. അവിചാരിതമായിട്ടാണ് ഇവിടെ എത്തിയതെന്നും ചായ കുടിക്കാൻ വന്നതാണെന്നും ദേവൻ പറഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും പ്ലാൻ ചെയ്താണ് പ്രതിഷേധവുമായി എത്തിയതെന്നും ദേവൻ ആരോപിച്ചു.
'സൂപ്പർ മാർക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാം. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ ഒരു ഭയവുമില്ല. യു.ഡി.എഫും എൽ.ഡി.എഫും നുണ പറയുന്ന ആൾക്കാരാണ്. പച്ചക്കള്ളമാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ ബി.ജെ.പിയുടെ ഒരു പ്രവർത്തകനാണ്. മണ്ഡലത്തിൽ വിവിധയിടങ്ങളിലെ കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനുണ്ടായിരുന്നു. ഇന്ന് നിശ്ചയിച്ചത് പ്രകാരമുള്ള പരിപാടി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ്. നാലാമത്തെ കുടുംബയോഗം വാടാനപ്പള്ളിയിലാണ്. യോഗം ആരംഭിക്കുന്നതിന് കാലതാമസമുള്ളതിനാൽ കൂടെ വന്ന പാർട്ടി അംഗത്തിന്റെ സുഹൃത്തിന്റെ വീടുണ്ടെന്നും അവിടെനിന്ന് ചായകുടിക്കാമെന്നും പറഞ്ഞാണ് ഇങ്ങോട്ട് വന്നത്.
വീട്ടിലേക്ക് പോയി ചായ കുടിക്കുന്ന സമയത്താണ് വീടിന്റെ താഴെനിന്ന് ബഹളം കേട്ടത്. പോയി നോക്കുമ്പോൾ ടി.എൻ. പ്രതാപനും കുറേ പേരും ചേർന്ന് താഴെ നിന്ന് ബഹളം വെക്കുന്നതാണ് കണ്ടത്. കിറ്റുമായി ബി.ജെ.പിക്ക് ബന്ധമില്ല. ഈ വിവാദങ്ങളൊക്കെ അവർ നേരത്തേ പ്ലാൻ ചെയ്തതായിരിക്കും. 10 മിനിറ്റിനുള്ളിലാണ് പ്രതാപനും ആളുകളും ഇവിടെ വന്ന് പ്രതിഷേധിച്ചത്. ആ സാധനങ്ങൾ എങ്ങനെ വന്നുവെന്നത് സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ് പറയേണ്ടത്. സി.സി.ടി.വി പരിശോധിച്ചാലും ഞങ്ങൾക്ക് ഭയവുമില്ലെന്നും ദേവൻ പറഞ്ഞു.
അതേസമയം, ജനാധിപത്യത്തെ വിലക്കുവാങ്ങാൻ ആർ.എസ്.എസ്-ബി.ജെ.പി കൂടാരങ്ങളിൽ നിന്ന് ഒഴുകുന്ന കള്ളപ്പണത്തിനും കിറ്റുകൾക്കും മണലൂരിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയും. അധികാരത്തിന്റെ ഹുങ്കിൽ നോട്ടുകെട്ടുകളെറിഞ്ഞ് വോട്ടർമാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പ്രതാപൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.