കൊച്ചി: ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ ഭൂമി ആർക്കും കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകാനാണ് കരാർ. കെട്ടിട നിർമാണത്തിനുള്ള അനുമതിയാണ് നൽകിയതെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. ലൈഫ് മിഷനെതിരായ സി.ബി.ഐ അന്വേഷണവും എഫ്.ഐ.ആറും റദ്ദാക്കണമെന്ന സർക്കാർ ഹരജിയിൽ വിശദവാദം കേൾക്കവെയാണ് സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ ഇക്കാര്യം വിശദീകരിച്ചത്. നേരേത്ത ഹരജി പരിഗണിക്കവെ, യു.എ.ഇ കോൺസുലേറ്റുമായുള്ള ധാരണപത്രത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി മൂന്നാമതൊരു കക്ഷിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും ഇതു വിശദീകരിക്കണമെന്നും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
കേസ് റദ്ദാക്കണമെന്ന യൂനിടാക് എം.ഡി സന്തോഷ് ഇൗപ്പെൻറയും അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സി.ബി.ഐയുടെയും ഹരജികളിലടക്കം വാദം പൂർത്തിയാക്കിയ ജസ്റ്റിസ് പി. സോമരാജൻ ക്രിസ്മസ് അവധിക്കുശേഷം വിധി പറയാൻ മാറ്റി. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീട്ടുകയും ചെയ്തു. അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് എന്തിനെന്ന ചോദ്യമാണ് സി.ബി.ഐ ഉന്നയിച്ചത്. അന്വേഷണം തുടരാൻ അനുവദിക്കണമെന്ന വാദവും അവർ ഉയർത്തി.
സി.ബി.ഐ പോകുമ്പോൾ ഇ.ഡി വരുന്ന അവസ്ഥയാണിപ്പോഴെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടിക്കുകയാണെന്നുമുള്ള മറുവാദം സംസ്ഥാന സർക്കാർ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സി.ബി.ഐ കേസെടുത്തത്. പരാതിക്കാരനായ അനിൽ അക്കര മഞ്ഞപ്പിത്തക്കാരനെപ്പോലെ കുറ്റം കണ്ടെത്തുകയാണ്. വടക്കാഞ്ചേരിയിലെ ഭവന പദ്ധതി ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനായിരുന്നു നിർദേശം. വിദേശ സഹായ നിയന്ത്രണ നിയമത്തിെൻറ പരിധിയിൽ ലൈഫ് മിഷൻ വരില്ല. കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഴിമതി നിരോധന നിയമവും വിദേശ സഹായ നിയന്ത്രണ നിയമവും കൂട്ടിക്കുഴക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. കോഴ വാങ്ങിയെന്ന പരാതി വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അന്വേഷണം ഏജൻസിയുടെ വിവേചന അധികാരത്തിെൻറ പരിധിയിൽ വരുന്നതാണെന്നും തടയുന്നത് രാജ്യത്തിെൻറ സാമ്പത്തിക താൽപര്യത്തെ ബാധിക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാറിെൻറ വാദം. കേസെടുത്തത് രാഷ്ട്രീയ നേട്ടത്തിനാണെന്ന വാദം പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടു. കേസിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടോയെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടോയെന്നും പരിശോധിക്കാനാകുമെന്ന് വ്യക്തമാക്കിയ കോടതി, ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.