കൊച്ചി: ജയിൽ നിയമപ്രകാരം തടവുപുള്ളിയുടെ ‘നേർ അനന്തരവൻ (അനന്തരവൾ)’ എന്നാൽ സഹോദരിയുടെ മക്കൾ എന്നു മാത്രമായി വ്യാഖ്യാനിക്കാനാവില്ലെന്ന് ഹൈകോടതി. അടുത്ത ബന്ധുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയ ‘നേർ അനന്തരവൻ (അനന്തരവൾ)’ എന്ന പദം പരാമർശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. സഹോദരിയുടെ മകൻ/മകൾ എന്നത് പോലെ സഹോദരന്റെ മക്കളും അടുത്ത ബന്ധുവാണെന്നും ഇവരുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ തടവുപുള്ളിയുടെ അടിയന്തര പരോൾ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തടവുകാരന് അടിയന്തര പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്റെ മകൻ നൽകിയ അപേക്ഷയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നിരസിച്ചത്. ചടങ്ങുകളുടെ പേരിൽ പരോൾ അനുവദിക്കാൻ സാധ്യമായ അടുത്ത ബന്ധുക്കളുടെ കൂട്ടത്തിൽ നേർ അനന്തരവൻ/ നേർ അനന്തരവൾ എന്നത് പട്ടികയിലുണ്ട്. എന്നാൽ, സഹോദരിയുടെ മക്കൾ മാത്രമാണ് ഈ ഗണത്തിൽ വരുന്നതെന്ന് വ്യാഖ്യാനിച്ചാണ് അപേക്ഷ നിരസിച്ചത്. ഈ വ്യാഖ്യാനത്തിൽ തെറ്റുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സഹോദരൻ, സഹോദരി എന്നതിന്റെ പേരിൽ വിവേചനം അനുവദിക്കാനാവില്ല. നിയമം തെറ്റായി വ്യാഖ്യാനിച്ച് ഇത്തരത്തിൽ ഒട്ടേറെ അപേക്ഷകൾ നിരസിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. പത്തുദിവസം അടിയന്തര പരോൾ അനുവദിക്കുകയുംചെയ്തു. എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും ഉത്തരവ് അയച്ചുകൊടുക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.