കണ്ണൂർ: സംസ്ഥാനത്ത് ഓരോ സമുദായത്തിനും എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കിട്ടിയെന്ന് വ്യക്തമാക്കി സർക്കാർ ധവളപത്രം ഇറക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി. മത, രാഷ്ട്രീയ നേതാക്കൾ ചേരിതിരിവല്ല ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളോട് കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകനെ അപമാനിച്ച വെള്ളാപ്പള്ളിയുടെ നടപടിയെ അംഗീകരിക്കാനാവില്ല. സമുദായനേതാക്കളുടെ ഇത്തരം പ്രതികരണങ്ങൾ വലിയ പ്രശ്നമുണ്ടാക്കും. സമുദായത്തെ ഒന്നിപ്പിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഘടക കക്ഷിയല്ല.
എന്നാൽ, ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് ഞങ്ങളുടേതായ രീതിയുണ്ട്. ഇരു സമസ്തകളും ഒന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചർച്ചകളിലൂടെ അകലം കുറഞ്ഞു വരുന്നതായും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ തീർക്കേണ്ടത് പണ്ഡിതന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, പി.കെ. അലിക്കുഞ്ഞി ദാരിമി, ഹനീഫ് പാനൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.