തിരുവനന്തപുരം: ആവശ്യത്തിന് വാക്സിൻ സ്റ്റോക്കില്ലാതെ സംസ്ഥാനത്ത് വാക്സിൻ യജ്ഞത്തിലെ ആദ്യ ദിനം. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകാനാണ് വാക്സിൻ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ന് രണ്ട് ലക്ഷം പേർക്കുള്ള വാസ്കിൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. അതുകൊണ്ടു തന്നെ ലക്ഷ്യം വെച്ചതിന്റെ പകുതി പോലും ആദ്യ ദിനം സാധ്യമാകാത്ത അവസ്ഥയാണ്.
തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചത്. ഇതിലൂടെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം.
തിരുവനന്തപുരം മേഖലാ സംഭരണകേന്ദ്രത്തിൽ വാക്സിൻ സ്റ്റോക്കില്ല. ജില്ലയിൽ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റിവ് രോഗികൾക്ക് നൽകാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്സിനുണ്ട്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് ശേഷിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ വാക്സിൻ എത്തുമെന്നായിരുന്നു വിവരം. എന്നാൽ, ചൊവ്വാഴ്ച മുതൽ വാക്സിനേഷൻ തന്നെ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ആഗസ്റ്റ് 15 നുള്ളിൽ മുതിർന്ന പൗരന്മാർക്കുള്ള ആദ്യ ഡോസ് പൂർത്തീകരിക്കാനായിരുന്നു തീരുമാനം. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്സിന് നല്‍കുന്നതിന് സൗകര്യം ഒരുക്കാനും തീരുമാനമുണ്ട്. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണ്.
ആദ്യ ഡോസ് വാസ്കിനേഷനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചുകൾ ഇന്നും മാളുകൾ ബുധനാഴ്ച മുതലും തുറക്കും. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഒരു ഡോസ് വാക്സിനെടുത്തവർക്ക് ടൂറിസംകേന്ദ്രങ്ങളിൽ പ്രവേശിക്കാം. വാക്സിനെടുത്തവർക്ക് ഹോട്ടലുകളിൽ താമസിക്കുന്നതിന് തടസ്സമില്ലെന്നും ബീച്ചുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് കുടുംബമായി എത്താമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.