കണ്ണൂർ: സി.പി.എമ്മിലെ രക്തസാക്ഷി ഫണ്ട് തിരിമറി ചോദ്യം ചെയ്ത് രംഗത്തുവന്ന് പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രനായി രംഗത്തെത്തിയ വി. കുഞ്ഞികൃഷ്ണൻ വിജയമുറപ്പിച്ച് മുന്നോട്ട്. രണ്ട് റൗണ്ട് മാത്രം ബാക്കിനിൽക്കെ 4751 വോട്ടിന്റെ ലീഡുമായാണ് സിറ്റിങ് എം.എൽ.എ ടി.ഐ മധുസൂദനനെതിരെ മേധാവിത്വം നേടിയത്.
ജയിക്കാനല്ല മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച് സി.പി.എമ്മിനെതിരെ രംഗത്തുവന്ന വി. കുഞ്ഞികൃഷ്ണന് ശക്തമായ ജനപിന്തുണ നൽകുന്നതാണ് വോട്ടെണ്ണൽ ഫലം. നിലവിൽ 14ൽ 12 റൗണ്ട് വോട്ടുകളാണ് എണ്ണി തീർത്തത്. 10റൗണ്ട് പുർത്തിയായപ്പോൾ 6000ത്തിലേറെ വോട്ടായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ ലീഡ്. ചെറുപുഴ, പുളിങ്ങോം ഉൾപ്പെടെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലാണ് ഇനി എണ്ണാൻ ബാക്കിയുള്ളത്.
2021ൽ ടി.ഐ മധുസൂദനൻ 49,780 വോട്ട് എന്ന വമ്പൻ ലീഡിലായിരുന്നു ജയിച്ചത്. ഇതാണ്, ഒറ്റയാനായി മത്സരം രംഗത്തുവന്ന് വി. കുഞ്ഞികൃഷ്ണൻ അട്ടിമറിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പേ, പാർട്ടിയിലെ ഫണ്ട് അഴിമതി ചോദ്യം ചെയ്തായിരുന്നു ജില്ലാകമ്മിറ്റി അംഗം കൂടിയായ വി. കുഞ്ഞികൃഷ്ണൻ രംഗത്തു വന്നത്. ആരോപണ വിധേയനെ പാർട്ടി സംരക്ഷിച്ചപ്പോൾ, മുതിർന്ന അംഗം കൂടിയായ കുഞ്ഞികൃഷ്ണനെതിരെ നടപടി സ്വീകരിച്ചത് അണികൾക്കിടയിലും അമർഷത്തിന് വഴിവെച്ചു. തുടർന്നാണ്, അദ്ദേഹം യു.ഡി.എഫ് പിന്തുണയോടെ മത്സര രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.