തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അസാധാരണ അഴിച്ചുപണി രണ്ടാഴ്ചക്കകം റദ്ദാക്കിയതും അസാധാരണം. ഉന്നത ഉദ്യോഗസ്ഥരായ എ.ഡി.ജി.പി, ഐ.ജി റാങ്ക് ഉദ്യോഗസ്ഥരുടെ അസൗകര്യമാണ് ഉത്തരവ് തിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ 26ന് ഇറക്കിയ ഉത്തരവാണ് മേയ് ഒമ്പതിന് ആഭ്യന്തരവകുപ്പിന് ഭാഗികമായി തിരുത്തേണ്ടിവന്നത്. ആദ്യ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, രാഷ്ട്രീയ വിവാദങ്ങളും ഉയർന്നു. ജൂണ്‍ അവസാനം സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് വിരമിക്കാനിരിക്കെയുള്ള മാറ്റം ദുരൂഹമായിരുന്നു.
അതേസമയം, വിമർശനം നേരിട്ട ഡി.ജി.പി യോഗേഷ് ഗുപ്തയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് ഫയർഫോഴ്സ് തലപ്പത്തേക്ക് മാറ്റിയത് തിരുത്താൻ തയാറായിട്ടില്ല. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശമാണ് യോഗേഷിനെ മാറ്റാനിടയാക്കിയതത്രെ. ഡി.ജി.പി റാങ്കോടെ മനോജ് എബ്രഹാമിനെ ഈ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
എക്സൈസ് കമീഷണറായി നിയമിച്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് താരതമ്യേന അപ്രസക്തമായ ബറ്റാലിയൻ ചുമതലയിലേക്ക് തിരിച്ചുപോകേണ്ടി വന്നതാണ് പ്രധാന തിരുത്ത്. അജിത്കുമാറിന്റെ നിയമനത്തിൽ എക്സൈസിൽ ചില പരാതികൾ ഉയർന്നതായും സൂചനയുണ്ട്. എക്സൈസ് കമീഷണർ സ്ഥാനത്തുനിന്ന് ക്രൈം മേധാവിയായി സ്ഥലംമാറ്റിയ മഹിപാൽ യാദവിന് മൂന്നു മാസത്തെ സർവിസ് മാത്രമേയുള്ളൂ. ആഗസ്റ്റിൽ വിരമിക്കുന്ന അദ്ദേഹം തന്റെ സ്ഥലംമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചിരുന്നു.
ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാധ്യായ തൃശൂരിലെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയതിൽ അതൃപ്തി അറിയിച്ചു. മക്കളുടെ പഠനവും താമസം മാറുന്നതിലെ പ്രയാസവുമുൾപ്പെടെ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ഏതെങ്കിലും തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ബൽറാമിന്റെ ആവശ്യം. ജയിൽ ചുമതല നൽകിയ ഐ.ജി കെ.എസ്. സേതുരാമൻ തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിലെ പ്രയാസവും ചൂണ്ടിക്കാട്ടി. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ ഐ.ജി എ. അക്ബറും അസൗകര്യം അറിയിച്ചു. ഉദ്യോഗസ്ഥരുടെ സൗകര്യങ്ങൾ പരിഗണിക്കാതെ, എടുത്ത സ്ഥലംമാറ്റത്തിനെതിരെ എല്ലാവരും മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് ഉത്തരവ് തിരുത്തേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.