രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, കെ. സുധാകരൻ

‘ജെബി മേത്തറിന് പ്രത്യേക അധികാരം എന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ല, ആരോ എഴുതിത്തയാറാക്കി സുധാകരൻ വായിച്ച നീരസം ഞാൻ കണ്ടു’ -നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

കാസർകോട്: കെ.പി.സി.സിയുടെ വിലക്കുലംഘിച്ച നേതാക്കളുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കെ. സുധാകരനും ജെബി മേത്തറും പാർട്ടി വിലക്ക് ലംഘിച്ചതിൽ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞാൻ ആരുടെയും പെട്ടിപിടിച്ച് സ്ഥാനമാനങ്ങളിൽ എത്തിയവരല്ല. ഇപ്പോൾ ചിലർക്ക് അനർഹമായി അധികാരം കിട്ടിയിട്ടുണ്ട്. അനർഹമായി അധികാരം കിട്ടിയവരാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ ഞങ്ങളും പരസ്യമായി പ്രതികരിക്കും.

കെ. സുധാകരനും ജെബി മേത്തറിനും പാർട്ടിയിൽ പ്രത്യേക അധികാരമില്ല. കെ.പി.സി.സി അധ്യക്ഷന്റെ വിലക്കു ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവർക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കണം.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റിയത് ഇന്നലെയല്ല. നീരസം പ്രകടിപ്പിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഇപ്പോൾ എല്ലാം എഴുതി തയാറാക്കി വായിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണ്. മുമ്പും മഹിള കോൺഗ്രസിന് പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്. അവരാരും പാർട്ടി കാര്യങ്ങളിൽ പരസ്യമായി അഭിപ്രായം പറയാറില്ല. ജെബി മേത്തർക്ക് ഇതിനായി എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടോയെന്ന് അറിയില്ല’ -ഉണ്ണിത്താൻ പരിഹസിച്ചു.

പാർട്ടി വിലക്കു ലംഘിച്ച് പ്രസ്താവന നടത്തിയവർക്കെതിരെ നേതൃത്വം എന്തുനടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തങ്ങൾ പാർട്ടിയുടെ വിലക്ക് മാനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയില്ലെങ്കിൽ ശക്തമായ പലകാര്യങ്ങളും തങ്ങൾക്കും തുറന്നുപറയാനുണ്ടെന്നും അതിന് എന്തുവില കൊടുക്കേണ്ടിവന്നാലും പറയുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

സുധാകരൻ എഴുതിയ പേപ്പർ നോക്കിയാണ് വായിച്ചത്. ഭരണം കിട്ടി നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ പരസ്യമായി ഇത്തരം കാര്യങ്ങളുമായി രംഗത്തുവരുന്നത് ആരുടെ ഉദ്ദേശത്തോടുകൂടിയാണെന്ന് വ്യക്തമാക്കണം. ഇ.ഡിയെ കുറിച്ചും കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ചും നല്ലധാരണ കോൺഗ്രസിനുണ്ട്. കോൺഗ്രസ് നേതാക്കളെ അകാരണമായി അപമാനിച്ചവരാണ് അവരെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Tags:    
News Summary - Unnithan slams Sudhakaran, Jebi Mather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.