ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് കസ്റ്റഡിയിൽ, ദ്വാരപാലക ശിൽപം
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് നിർണായ മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്. ഗോവർദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്.ഐ.ടി സംഘം പോറ്റിയുമായി ബംഗളൂരുവിലേക്ക് പോയത്.
കഴിഞ്ഞ ദിവസങ്ങളിൽ സംഭവുമായി ബന്ധപ്പെട്ട് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിൽ കൊണ്ടുപോയി സ്വര്‍ണം വിറ്റതായി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവര്‍ദ്ധനെ വിളിച്ചുവരുത്തുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ്.പി ശശിധരൻ തന്നെ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തത്. സ്വര്‍ണം വിറ്റ കാര്യം ഗോവര്‍ദ്ധൻ സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ പോറ്റിയുമായി ബെല്ലാരിയിലേക്ക് അന്വേഷണ സംഘം തിരിച്ചിരിക്കുന്നത്. 476 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം സ്വർണക്കവർച്ച കേസിലെ രണ്ടാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവിനെ റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലേക്ക് മാറ്റി. 2019 ജൂണിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ മഹസറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവായിരുന്നു.
ദേവസ്വം വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണറായിരുന്ന ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബാബുവിനെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്യൽ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.