തിരുവനന്തപുരം: ഉപഭോക്താക്കളുടെ ബാധ്യത കൂട്ടുന്നവിധം വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് പരിധിയില്ലാതെ ഈടാക്കാൻ അനുവാദം നൽകുന്ന ചട്ടഭേദഗതി ഉടൻ നടപ്പാവും. ഇതു സംബന്ധിച്ച തെളിവെടുപ്പ് റെഗുലേറ്ററി കമീഷൻ ചൊവ്വാഴ്ച ഓൺലൈനായി നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നേരത്തേ ഇത്തരം പ്രധാന തെളിവെടുപ്പുകൾ കമീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ ആർക്കും പങ്കെടുക്കാവുന്ന വിധമാണ് നടത്തിയിരുന്നത്.
സോളാർ വൈദ്യുതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളിൽ പ്രതിഷേധം പതിവായതോടെ നേരിട്ടുള്ള തെളിവെടുപ്പ് പരിമിതപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്‍റെ നഷ്ടം നികത്താൻ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് പിരിക്കലിന് നിലവിലെ പരിധി ഒഴിവാക്കുന്ന ചട്ടഭേദഗതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്. സർചാർജിന് ഏർപ്പെടുത്തിയ യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാൻ കമീഷനോട് കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരമാണ് നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കരട് കമീഷൻ തയാറാക്കി പ്രസിദ്ധപ്പെടുത്തിയത്. 2023ലെ കെ.എസ്.ഇ.ആർ.സി (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) ചട്ടത്തിലാണ് ഭേദഗതി വരുത്തുക. തെളിവെടുപ്പിന് ശേഷം ചട്ടഭേദഗതി നടപ്പാകുന്നതോടെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവിന് ആനുപാതികമായി ഇന്ധന സർചാർജ് ഉയരും.
വേനലിലാണ് കെ.എസ്.ഇ.ബി കൂടുതലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ടാണ് ഇന്ധന സർചാർജിലെ പരിധി ഒഴിവാക്കണമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ എത്തിയത്. വൈദ്യുതി വാങ്ങൽ ചെലവ് ഓരോ വർഷവും കൂടുന്ന സാഹചര്യമാണ്. ആഭ്യന്തര ഉൽപാദനം കുറവായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ് കേരളം പ്രധാനമായും ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.