തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി യൂണിയനുകള്‍. കെ.െസ്.ആർ.ആർ.ടിയുെ ദേശീയ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സി.ഐ.ടി.യു വിഭാഗം നേതാക്കള്‍ അറിയിച്ചു. സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25ന് നോട്ടീസ് നല്‍കിയതാണെന്നും നേതാക്കള്‍ പറഞ്ഞു.
പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നല്‍കേണ്ടത്. കെ.എസ്.ആര്.ടി.സി സി.എം.ഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും സി.ഐ.ടി.യു അറിയിച്ചു. ജീവനക്കാര്‍ ജോലിക്ക് ഹാജരാകില്ലെന്നും ദീര്‍ഘദൂര അവശ്യ സര്‍വീസുകള്‍ ഒഴിച്ചുള്ള സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ലെന്നും സി.ഐ.ടി.യു വ്യക്തമാക്കി.
ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഐ.എന്‍.ടി.യു.സിയും അറിയിച്ചു. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐ.എന്‍.ടി.യു.സി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ പണിമുടക്ക് ദിനമായ ബാധനാഴ്ചകെഎസ്ആര്ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. നാളത്തെ ദേശീയ പണിമുടക്കിന് കെ.എസ്.ആർ.ടി.സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
കെ.എസ്.ആർ.ടി.സി പൊതുഗതാഗതമാണ്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെ.എസ്.ആർ.ടി.സിയുടെ മാറുന്ന സംസ്കാരത്തിന്റെ ഭാഗമാണ് എന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ തൊഴിൽദ്രോഹ, കർഷകവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വിൽപന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.