നൂപുര്‍ ശര്‍മ മാപ്പ് പറയാൻ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍

കോഴിക്കോട്: പ്രവാചക നിന്ദ പരാമര്‍ശ കേസില്‍ പ്രതിയായ ബി്ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മ മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടില്ലന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. വാദത്തിനിടെ ഒരു ജഡ്ജി പറഞ്ഞ പരാമര്‍ശത്തെ പ്രധാനവാര്‍ത്തയാക്കി മാധ്യമങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ഇത് തെറ്റും അപകടകരവുമാണെന്നും മന്ത്രി പറഞ്ഞു. മലയാളത്തിലെ ഒരുവിഭാഗം മാധ്യമ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വാദത്തിനിടെ ജഡ്ജിമാരോ വക്കീലന്മാരോ പറയുന്ന അഭിപ്രായങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് സുപ്രീംകോടതിയും മറ്റ് കോടതികളും പലതവണ സൂചിപ്പിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ താല്‍പര്യം ഉള്ള വിഷയങ്ങളില്‍ തോന്നിയതുപോലെ വാര്‍ത്ത നല്‍കുന്ന രീതി പത്രങ്ങള്‍ തുടരുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരി നൂപുര്‍ ശര്‍മ്മ മാത്രമാണെന്നും അതിനാല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു എന്നാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

കേന്ദ്ര സര്‍ക്കാറിനേയും ബി.ജെ.പിയേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കാനും തെറ്റുകള്‍ ചുണ്ടി കാണിക്കാനുമുള്ള അവകാശവും അധികാരവും മാധ്യമങ്ങള്‍ക്കുണ്ട്. അതോടൊപ്പം കേന്ദ്ര സർക്കാറിന്റെ നയപരിപാടികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രദേശിക പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മുഖ്യ പങ്ക് വഹിക്കാനുണ്ട്' -അനുരാഗ് പറഞ്ഞു.

കേരളത്തിലെ 20 പത്ര ഉടമകളും പത്രാധിപന്മാരുമാണ് പരിപാടിയിൽ പ​ങ്കെടുത്തത്. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, നിരവധി മികച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായും കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഉച്ചയോടെ സരോവരത്തെ ഹോട്ടൽ കെ.പി.എം ട്രിപന്‍റയിലായിരുന്നു കൂടിക്കാഴ്ച. ജന്മഭൂമി പത്രത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടി.വി, അമൃത ടി.വി എന്നീ ചാനലുകളുടെയും മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജന്മഭൂമി, മെട്രോവാർത്ത തുടങ്ങിയ പത്രങ്ങളുടെയും മേധാവികളെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. മാതൃഭൂമി എം.ഡി എം.വി. ശ്രേയാംസ്‌കുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, ദീപിക എം.ഡി ഫാ. മാത്യൂ ചന്ദ്രന്‍കുന്നേല്‍, മംഗളം എം.ഡി സാജന്‍ വര്‍ഗീസ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ഏഷ്യാനെറ്റ് ന്യൂസ് റീജനല്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി. ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കൊച്ചി ഓഫിസിൽനിന്ന് മുഴുവൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് അയച്ചതെങ്കിലും ഡൽഹിയിൽനിന്ന് വന്ന പട്ടികയിൽ പല പത്ര, ചാനൽ സ്ഥാപനങ്ങളും പുറത്താവുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 

Tags:    
News Summary - Union Minister Anurag Singh Thakur said the court did not ask Nupur Sharma to apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.