ഷെയിം ഓൺ യൂ എന്ന് തുറന്നുപറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത് -തോമസ്​ ഐസക്ക്​

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പര വിഡ്ഢിത്തങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞതെന്ന്​ സംസ്​ഥാന ധനമന്ത്രി തോമസ്​ ഐസക്ക്​. ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോൾ, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞുപോകുന്നതെന്ന്​ അവർ തിരിച്ചറിയണമായിരുന്നു.

ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്ന്​ മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവർ നടത്തിയ പരാമർശങ്ങൾ. ഷെയിം ഓൺ യൂ എന്ന് തുറന്നുപറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്.

സംസ്ഥാന ബജറ്റിനെ കേന്ദ്രധനമന്ത്രി വിമർശിച്ചതു കണ്ടു. അത്തരമൊരു വിമർശനത്തെ സ്വാഭാവികമായും ഗൗരവത്തോടെയാണല്ലോ കണക്കിലെടുക്കേണ്ടത്. പക്ഷെ, നിർമലാ സീതാരാമന്‍റെ വിമർശനം കേട്ടപ്പോൾ "അയ്യേ"എന്നാണ് തോന്നിയത്. മുഴുവൻ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിന്​ കൊടുത്തുവത്രേ. കേന്ദ്ര മന്ത്രിയും ബജറ്റ് തയാറാക്കുന്നതാണല്ലോ. അങ്ങനെയൊരാളിൽനിന്നും പ്രതീക്ഷിക്കാവുന്ന വിമർശനമാണോ ഇത്?

കെ. സുരേന്ദ്രനോ വി. മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാൽ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആൾ? അങ്ങനെ സംസ്ഥാനത്തിന്‍റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേക്ക്​ മാത്രമായി നീക്കിവെക്കാൻ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ല.

ബജറ്റിന്​ പുറത്ത്​ വിഭവസമാഹരണം നടത്താൻ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബജറ്റിന്‍റെ ഭാഗമാക്കുന്നില്ലെന്നായിരുന്നല്ലോ സി.എ.ജിയുടെ വിമർശനം. നിർമലാ സീതാരാമന്‍റെ പക്കലെത്തിയപ്പോൾ ആ വിമർശനം ശീർഷാസനത്തിലായി. സർക്കാറിന്‍റെ വരവെല്ലാം കിഫ്ബിക്ക്​ കൊടുക്കുന്നുപോലും. ഈ പ്രസംഗം ആരെഴുതിക്കൊടുത്താലും കേന്ദ്ര ധനകാര്യമന്ത്രിയെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കേണ്ടിയിരുന്നില്ല എന്നു മാത്രമേ പറയാനുള്ളൂ. കുറച്ചുകൂടി നിലവാരവും ഗൗരവമുള്ള സമീപനവും ആ പദവിയിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ബഹുമാനപ്പെട്ട കേന്ദ്ര ധനമന്ത്രി, കേന്ദ്ര ബജറ്റിൽപ്പോലും ഒരുലക്ഷത്തിലേറെ കോടി രൂപ ഓഫ് ബജറ്റ് ബോറോയിംഗ് ആയിട്ട് ഇല്ലേ? കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് അല്ല. കേന്ദ്ര ബജറ്റിൽ കേരളമടക്കമുള്ളവർക്ക്​ പ്രഖ്യാപിച്ച ഉദാരമായ റോഡ് നിർമ്മാണത്തിനുള്ള തുകയുണ്ടല്ലോ, അത് നാഷണൽ ഹൈവേ അതോറിറ്റി വായ്പയെടുക്കുന്നതല്ലേ? കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് വരവു-ചെലവു കണക്കുകളിൽ അതൊന്നും വന്നില്ലല്ലോ. അതുപോലൊരു ബോഡി കോർപ്പറേറ്റാണ് കിഫ്ബിയും. കേന്ദ്രത്തിനാവാം, സംസ്ഥാനത്തിന്​ പാടില്ലായെന്ന നിലപാട്​ ഞങ്ങൾ അംഗീകരിക്കുന്നില്ല. തികച്ചും ഭരണഘടനാപരമാണ് ഈ അവകാശം.

കേരളത്തിൽ ക്രമസമാധാനം തകർന്നു, അഴിമതിയാണ് എന്നൊക്കെയുള്ള കേന്ദ്ര ധനമന്ത്രിയുടെ പരാമർശങ്ങൾ മറുപടിയേ അർഹിക്കുന്നില്ല. കേരളം എന്താണെന്ന് ആ യോഗത്തിൽ കൂടിയിരുന്നവർക്കുപോലും അറിയാം. സ്വന്തം പാർടിക്കാരെങ്കിലും വിശ്വസിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കേന്ദ്ര ധനമന്ത്രി പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ. ഏതായാലും കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂർണ്ണരൂപത്തിന്​ കാത്തിരിക്കുകയാണ്. എന്നിട്ടാകാം ബാക്കി എഴുത്ത് -തോമസ്​ ഐസ​ക്ക്​ ഫേസ്​ബുക്കിൽ കുറിച്ചു. 

Tags:    
News Summary - Union Finance Minister should not regret saying 'Shame on you'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.