ഏക സിവിൽ കോഡ്: ലോ കമീഷൻ ചെയർമാന് മുസ്‍ലിം ലീഗ് കത്തയച്ചു

മലപ്പുറം: ഏക സിവിൽ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്ന് ലോ കമിഷൻ ചെയർമാൻ ഋതുരാജ് അവസ്തിക്ക് അയച്ച കത്തിൽ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകീകൃത സിവിൽ കോഡിനു വേണ്ടിയുള്ള ശ്രമം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇത് നടപ്പാക്കേണ്ടതില്ലെന്നും 21ാമത് ലോ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ പൗരന്റെയും വ്യക്തിത്വത്തെയും വിശ്വാസത്തെയും ഭരണഘടന മാനിക്കുന്നു. 25-ാം അനുച്ഛേദവും 29 (1) അനുച്ഛേദവും പതിനാറാം അധ്യായവും പ്രതിപാദിക്കുന്നത് ഈ വ്യത്യസ്തതകളെ സംരക്ഷിക്കുമെന്നാണ്. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം അസം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകളിലെ ഭരണസംവിധാനത്തിനും പ്രത്യേക നിബന്ധനകൾ നൽകിയിരിക്കുന്നു. ഈ നിബന്ധനകളെല്ലാം നൽകിയിരിക്കുന്നത് ഈ സ്ഥലങ്ങളിലെ വിശ്വാസപരമായോ സാംസ്‌കാരികമോ ആയ അവകാശങ്ങളുടെ മേൽ കേന്ദ്ര സർക്കാർ കടന്നുകയറില്ല എന്നുറപ്പാക്കാനാണെന്നും ലോ കമീഷന് നൽകിയ കത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

1937ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം ഫോളോ ചെയ്തുകൊള്ളാം എന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവർക്ക് മറ്റു നിയമങ്ങൾ പിന്തുടരാമെന്നും അംബേദ്കർ വിശദീകരിക്കുന്നുണ്ട്. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവർക്ക് അതിന് തടസ്സമാകുന്ന തരത്തിൽ ഏകീകൃത സിവിൽകോഡ് ഉണ്ടാകില്ല എന്ന ഉറപ്പാണ് നൽകുന്നത്.

എല്ലാ മത, ഗോത്ര വിഭാഗങ്ങളുടെയും ആചാരങ്ങളെയും വ്യക്തി നിയമങ്ങളെയും ഭരണഘടനാപരമായി തന്നെ രാജ്യം സംരക്ഷിക്കുന്നു. എന്നാൽ, അത് മാറ്റേണ്ടതാണ് എന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ഭരണഘടനയുടെ ആശയത്തിന് തന്നെ വിരുദ്ധമാണ്. മൗലികാവകാശങ്ങളെ തള്ളിക്കളഞ്ഞ് നിയമം നിർമിച്ചാൽ അത് നിലനിൽക്കില്ല എന്ന് 13ാം അനുച്ഛേദം വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 25ന് വിരുദ്ധമായി ഒരു ഏക സിവിൽകോഡ് ഉണ്ടാക്കിയാൽ ആർട്ടിക്കിൾ 13 പ്രകാരം അത് നിലനിൽക്കുകയില്ല. ജനങ്ങൾക്കിടയിൽ സ്പർധയും വർഗീയ ധ്രുവീകരണവും മാത്രമാണ് പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - Uniform Civil Code: Muslim League sends letter to Law Commission Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.