അങ്കണവാടി ജീവനക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും സർക്കാർ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നു. ഇതിനായി 66,10,100 രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.

ആദ്യമായാണ് ഇത്തരത്തിൽ മുഴുവൻ ജീവനക്കാർക്കും സംസ്ഥാനമാകെ ഒരേ മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത്. ജില്ലാ ശിശു വികസന പദ്ധതി ഓഫീസർമാർക്കാണ് ജീവനക്കാർക്ക് കാർഡ് അച്ചടിച്ച ലഭ്യമാക്കേണ്ട ചുമതല.

സ്ഥിരം ജീവനക്കാരായ 33115 വർക്കർമാർക്കും 32986 ഹെൽപ്പർമാർക്കും ഇതോടെ തിരിച്ചറിയൽ കാർഡ് ലഭ്യമാകും. കാർഡിന്‍റെ രൂപരേഖ വകുപ്പ് ആസ്ഥാനത്തു നിന്ന് തയ്യാറാക്കി ജില്ലാ ഓഫീസുകളിലേക്ക് ഇ മെയിൽ ആയി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ അച്ചടിയിലാണ് കാർഡ് ലഭ്യമാക്കുക.

ഒരു കാർഡിന് 100 രൂപയാണ് ചെലവ് കണക്കാക്കുന്നത്. താൽകാലിക ജീവനക്കാർക്ക് ഇതേ മാതൃകയിൽ പേപ്പർ കാർഡ് ആണ് നൽകുക. നവംബർ മുപ്പത്തിനകം ശിശു വികസന പദ്ധതി ഓഫീസർമാർ ഇതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

Tags:    
News Summary - Unified Identity Card for Anganwadi Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.