പ്രതീകാത്മക ചിത്രം
തൃശൂർ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായകമാകുക അടിയൊഴുക്കുകളാണ്. പത്ത് വർഷമായി ഇടതുകോട്ടയായി തുടരുന്ന തൃശൂരിൽ യു.ഡി.എഫും ബി.ജെ.പിയും പ്രതീക്ഷയർപ്പിക്കുന്നതും ഇത്തരം അടിയൊഴുക്കുകളിലാണ്. ശബരിമല സ്വർണക്കൊള്ള വിഷയം ഏറ്റവും ബാധിക്കുന്ന ജില്ലകളിലൊന്നാണ് തൃശൂർ. യു.ഡി.എഫ് സ്വർണക്കൊള്ള വിഷയം നേരിട്ട് പ്രചാരണത്തിന് ഉപയോഗിക്കുമ്പോൾ ഇത് ചർച്ചയാേക്കണ്ടതില്ലെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അടക്കം ബി.ജെ.പി നേതാക്കൾ വ്യക്തമാക്കുന്നത്. നാമജപ ഘോഷയാത്രയുടെ പ്രതിഷേധത്തിന്റെ ഗുണം ലോക്സഭ െതരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചെന്ന വിലയിരുത്തലിലാണിത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീ പീഡന വിവാദത്തിൽ കോൺഗ്രസ് പ്രതിരോധത്തിലുമാണ്.
ജില്ല പഞ്ചായത്ത്, കോർപറേഷൻ, ഏഴിൽ അഞ്ച് മുനിസിപ്പാലിറ്റികൾ, 15ൽ 13 ബ്ലോക്ക് പഞ്ചായത്തുകൾ, 86 പഞ്ചായത്തുകളിൽ 67 എണ്ണം എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ എൽ.ഡി.എഫ് കോട്ടയാണ് തൃശൂർ. ഇതിൽ വിള്ളലുണ്ടാക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. 40 പഞ്ചായത്തുകളും കോർപറേഷനും നാല് മുനിസിപ്പാലിറ്റികളിലെങ്കിലും ഭരണം നേടുകയാണ് യു.ഡി.എഫ് ലക്ഷ്യമാക്കുന്നത്. ജില്ല പഞ്ചായത്തിലും ബഹുഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തുകളിലും കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. അതേസമയം, കോർപറേഷൻ നിലനിർത്തുന്നതിനൊപ്പം യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൂടി പിടിച്ചെടുക്കുകെയന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് പ്രവർത്തനം. പഞ്ചായത്തുകൾ ഇത്തവണ ബഹുഭൂരിഭാഗവും നേടുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ജില്ല പഞ്ചായത്ത്- ഡിവിഷൻ 30- സ്ഥാനാർഥികൾ 113
കോർപറേഷൻ- വാർഡുകൾ 56- സ്ഥാനാർഥികൾ 217
നഗരസഭ (7)- വാർഡ് 286- സ്ഥാനാർഥികൾ 925
താഴേത്തട്ട് മുതൽ ജില്ലതലം വരെ എണ്ണയിട്ട യന്ത്രം പോലെയാണ് എൽ.ഡി.എഫ് പ്രവർത്തനം. ചാവക്കാടും വാടാനപ്പള്ളിയിലും സി.പി.ഐയുമായും തൃശൂർ കോർപറേഷനിൽ കേരള കോൺഗ്രസ് എമ്മുമായും ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനായതും ഈ പ്രവർത്തന ഫലമായാണ്. ക്ഷേമപെൻഷനായി കുടിശ്ശികയടക്കം 3600 രൂപ ജനങ്ങളുടെ കൈയിലേക്ക് എത്തിത്തുടങ്ങിയതോടെ ട്രെൻഡ് ഇടതുമുന്നണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
2024െല ലോക്സഭ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപി തരംഗം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കലുങ്ക് സദസ്സിലും മറ്റുമുണ്ടായ അനിഷ്ട സംഭവങ്ങളും പുലിക്കളി സംഘങ്ങൾക്ക് വാഗ്ദാനം ചെയ്ത പൈസ നൽകാതിരുന്നതും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. പാർട്ടിയിലെ പടലപ്പിണക്കങ്ങളും ബി.ജെ.പിയെ ബാധിക്കുന്നുണ്ട്. ആർ.എസ്.എസ് അടിത്തട്ടിൽ സജീവമാണെന്നതാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത്.
അതേസമയം, കരുവന്നൂർ അടക്കം സഹകരണ ബാങ്ക് ക്രമക്കേടുകൾ കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. കരുവന്നൂർ ബാങ്കിൽ നിന്ന് പണം തിരികെ നൽകിത്തുടങ്ങിയതും കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ സഹകരണ ബാങ്ക് ക്രമക്കേടുകളിൽ പ്രതിസ്ഥാനത്ത് വന്നതും മൂലമാണിത്.
കോൺഗ്രസ് ഭരിച്ചിരുന്ന ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ക്രമക്കേടുകളെ തുടർന്ന് റിസർവ് ബാങ്ക് നിയന്ത്രണത്തിലായതും ബി.ജെ.പിയുടെ ആശിർവാദത്തോടെ നിലവിൽ വന്ന മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ നിക്ഷേപകരുടെ നൂറുകണക്കിന് കോടികളുമായി മുങ്ങിയതും തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറുടെ ആത്മഹത്യയും അടക്കം വിഷയങ്ങൾ മൂലം സഹകരണ ബാങ്ക് ക്രമക്കേടുകൾ പൊതുവേ നിശ്ശബ്ദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.