തിരുവനന്തപുരം: കേരള സർവകലാശാലയിൽ അനിശ്ചിതത്വം കനക്കുന്നതിനിടെ ഗവർണറെ സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി വി.സി മോഹനൻ കുന്നുമ്മൽ. ഇനി വഴിതുറക്കുന്നത് ഗവർണറുടെ ഇടപെടലുകൾക്ക്. ഫയൽ നീക്കം പോലും നിശ്ചലമാകും വിധം കാര്യങ്ങൾ കൈവിട്ടതോടെതാണ് വി.സി തൃശൂരിൽ ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽ കണ്ടത്. വിഷയത്തിൽ ഇനി ഗവർണർ എന്ത് നിലപാടെടുക്കുമെന്നതാണ് നിർണായകം.
നിയമപരിധികളും ചട്ടങ്ങളും പരിഗണിക്കാതെയുള്ള കടുത്ത നീക്കങ്ങൾ കോടതി നടപടികൾക്കും നിയമവ്യവഹാരങ്ങൾക്കും വഴിവെക്കുമെന്നതിനാൽ കരുതലോടെയാണ് രാജ്ഭവന്റെ നീക്കങ്ങൾ. കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വി.സിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ തിരിച്ചടി നേരിട്ടതിന്റെ ചൂടനുഭവം കൺമുന്നിലുള്ളതിനാൽ വിശേഷിച്ചും.
‘കേരള’യിൽ നിലവിലെ സങ്കീർണ സാഹചര്യങ്ങൾക്ക് കാരണം അക്കാദമികമോ സർവകലാശാലയുമായി നേർക്കുനേർ ബന്ധപ്പെട്ടതോ അല്ല എന്നതാണ് പ്രധാന പ്രശ്നം. സെനറ്റ് ഹാൾ വാടകക്കെടുത്ത സംഘടന വ്യവസ്ഥകൾ പാലിക്കാതെ ഭാരതാംബയുടെ ചിത്രം സ്റ്റേജിൽ സ്ഥാപിച്ചതും അത് എടുത്തുമാറ്റാൻ രജിസ്ട്രാർ ആവശ്യപ്പെട്ടതുമാണ് വി.സിയെ പ്രകോപിപ്പിച്ചത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഇവ്വിധം പെരുമാറിയത് ഗവർണറോടുള്ള അനാദരവാണെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശമാക്കിയെന്നുമാണ് അനിൽകുമാറിനെതിരെയുള്ള വി.സിയുടെ കുറ്റപത്രം. അതേസമയം, ഭാരതാംബ വിഷയത്തിലെ ഗവർണറുടെ പിടിവാശിയാണ് ഇതിന് കാരണമെന്നും ഇത് തികച്ചും രാഷ്ട്രീയമാണെന്നതുമാണ് മറുവാദം. ഫലത്തിൽ സർവകലാശാലയിൽ വിദ്യാർഥികളുടെയും ഇടത് അനുകൂല സർവിസ് സംഘടനകളുടെയും പ്രതിഷേധം ശക്തമാവുകയും നടപടികളെല്ലാം സ്തംഭനാവസ്ഥയിലാവുകയും ചെയ്തതോടെ വി.സിയും പ്രതിരോധത്തിലാണ്. ഗവർണറെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, വി.സിയുടെ വാക്കുകളിലും ഈ നിസ്സഹായാവസ്ഥ പ്രകടം. പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് ‘നിങ്ങൾ പറയൂ’ എന്നായിരുന്നു മോഹനൻ കുന്നുമ്മലിന്റെ മറുചോദ്യം.
തനിക്ക് ഓൺലൈനായി ഫയൽ പോലും ലഭിക്കുന്നില്ല. സംഘർഷാവസ്ഥ ഒഴിവാക്കാനാണ് സർവകലാശാലയിലേക്ക് പോകാത്തതെന്നും അദ്ദേഹം പറയുന്നതും ഇതിനോട് ചേർത്തുവായിക്കണം. വി.സി - രജിസ്ട്രാർ പോര് കടുത്തതോടെ കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി തുടരുകയാണ്. താൻ സസ്പെൻഡ് ചെയ്ത രജിസ്ട്രാറുടെ ഒരു ഫയലും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വി.സി. രജിസ്ട്രാർ ഒപ്പിടുന്ന ഫയലുകളിൽ തുടർനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നും വി.സി ജോയന്റ് രജിസ്ട്രാർമാരെ അറിയിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.