കോഴിക്കോട്: പൊലീസിലെ നെറികേടുകൾക്കെതിരെ പരസ്യമായി പ്രതികരിച്ച സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെ സർവിസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി ഉമേഷ് വള്ളിക്കുന്ന് രംഗത്തെത്തി. പ്രതീക്ഷിച്ചതിനേക്കാൾ നൂറോ മടങ്ങ് പിന്തുണയും സ്നേഹവുമാണ് ചാനലുകളിൽ നിന്നും പത്രങ്ങളിൽ നിന്നും പൊലീസുകാർ ഉൾപ്പെടെയുള്ള മനുഷ്യരിൽ നിന്നും കിട്ടി.
ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു. പിരിച്ചു വിട്ടവരുടെ ശബ്ദമല്ലാതെ, പിരിച്ചു വിടപ്പെട്ടവരുടെ ശബ്ദം നമ്മൾ മുൻപ് കേട്ടിട്ടുള്ളത് 'കോൺസ്റ്റബിൾ വിനയ'യുടേത് മാത്രമാണ്. എത്ര അടിച്ചമർത്തിയിട്ടും ആ ശബ്ദം ഇപ്പോഴും ഇവിടെ അലയടിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ എക്കോ മാത്രമാണ് എന്റേതായി കേൾക്കുന്ന ഈ ചെറിയ ശബ്ദങ്ങൾ എന്ന് ഉമേഷ്.
പ്രതീക്ഷിച്ചതിനേക്കാൾ പത്തോ നൂറോ മടങ്ങ് പിന്തുണയും സ്നേഹവും പ്രാധാന്യവുമാണ് ചാനലുകളിൽ നിന്നും ഓൺലൈൻ മീഡിയയിൽ നിന്നും പത്രങ്ങളിൽ നിന്നും പോലീസുകാർ ഉൾപ്പെടെയുള്ള പ്രിയപ്പെട്ട മനുഷ്യരിൽ നിന്നും കിട്ടിയത്. ഒരു നിസ്സാരനായ സിവിൽ പോലീസ് ഓഫീസറെ പിരിച്ച് വിടാൻ തീരുമാനിച്ചത് ഇത്രത്തോളം വാർത്താ പ്രാധാന്യം നേടുമെന്നോ പിരിച്ചുവിടപ്പെടുന്ന പോലീസുകാരൻ ഇത്ര ആത്മാഭിമാനത്തോടെ, സന്തോഷത്തോടെ ആ വിഷയത്തെ മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമെന്നോ തീരുമാനമെടുത്ത സംഘമോ ഒപ്പിട്ട എസ്. പി. യോ ചിന്തിച്ചിട്ടോ പ്രതീക്ഷിച്ചിട്ടോ ഉണ്ടാവില്ല.
പിരിച്ചു വിട്ടവരുടെ ശബ്ദമല്ലാതെ, പിരിച്ചു വിടപ്പെട്ടവരുടെ ശബ്ദം നമ്മൾ മുൻപ് "കോൺസ്റ്റബിൾ വിനയ'യുടേത് മാത്രമേ കേട്ടിട്ടുള്ളു. എത്ര അടിച്ചമർത്തിയിട്ടും ആ ശബ്ദം ഇപ്പോഴും ഇവിടെ അലയടിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ എക്കോ മാത്രമാണ് എന്റേതായി കേൾക്കുന്ന ഈ ചെറിയ ശബ്ദങ്ങൾ. എന്നെ പിരിച്ചു വിടുന്നതോടു കൂടി ഒച്ചകൾ നിലയ്ക്കും എന്ന് കരുതുന്നവർ യഥാർത്ഥത്തിൽ വിഡ്ഢികളാണ്.
പ്രിയപ്പെട്ടവരേ, മാധ്യമങ്ങളിലൂടെ പറഞ്ഞത് പോലെ നമ്മൾ മറുപടിയും നിയമനടപടികളുമായി മുന്നോട്ടു പോകും. അഥവാ, കലഹരണപ്പെട്ട അച്ചടക്ക സംഹിതയോടുള്ള പോരാട്ടത്തിൽ പരാജയപ്പട്ടാലും ഏറ്റവും അഭിമാനത്തോടെ, ഏറ്റവുമധികം സ്നേഹം ഏറ്റുവാങ്ങിക്കൊണ്ടാണ് ഞാൻ പോലീസിന് പുറത്തു പോകുന്നത്. നമ്മളെ ഭയന്ന്, നമ്മുടെ വാക്കുകളെ ഭയന്ന് അവർക്ക് നമ്മളെ പുറത്താക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് അവരുടെ ദയനീയ പരാജയമാണ്. നമ്മുടെ എല്ലാവരുടെയും വിജയമാണ്.
ചെറുതായൊന്നു കൺഫ്യൂഷനിലായ ആദ്യ നിമിഷങ്ങളിൽ നിന്ന് ഈ ഒരു ആത്മവിശ്വാസത്തിലേക്ക് എന്നെ എത്തിച്ച എല്ലാ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും, എവിടെ നിന്നൊക്കെയോ സ്നേഹം ചൊരിഞ്ഞ ഇതുവരെ പരിചയമില്ലാത്തതും ഇനിയുള്ള കാലത്തേക്ക് കൂടെയുണ്ടാകേണ്ടവരുമായ എല്ലാ മനുഷ്യർക്കും സ്നേഹം. എല്ലാവരുടെയും കമന്റുകളിലേക്കും പോസ്റ്റുകളിലേക്കും എത്താനും, എത്തിയാൽ തന്നെ ഒരു like പോലും തിരികെ തരാനും സാധിച്ചിട്ടില്ല.
Sorry dears 🫂 (ഇന്നലെ തിരക്കായതു കൊണ്ടല്ല, ഒരു കടബാധ്യത തീർക്കാനുള്ള ഓട്ടത്തിലായതുകൊണ്ടാണേ. പിരിച്ചു വിടാനുള്ള നോട്ടീസ് ഒറ്റ ദിവസം കൊണ്ട് എത്തിക്കാൻ വെപ്രാളപ്പെട്ട മേധാവിമാർ കഴിഞ്ഞ കൊല്ലത്തെയും അതിന് മുൻപത്തെയും ശമ്പളം ഇപ്പോഴും തരാനുണ്ട്.) എല്ലാ കമന്റുകളും മെസ്സേജുകളും വേഗം തന്നെ വായിക്കും. അതിന് മുമ്പേ തന്നെ ഹൃദയം നിറഞ്ഞ മനസ്സോടെ എല്ലാവർക്കും Hugs.
ഒരുവാക്കിന് ചിലപ്പോൾ ഒന്നോ രണ്ടോ ഇൻക്രിമെന്റ് പോകാൻ സാധ്യതയുള്ള ഒരു ഡിപ്പാർട്മെന്റിൽ KPS/IPS വേർതിരിവില്ലാതെ, റാങ്ക് വ്യത്യാസമില്ലാതെ, ഭയം ഇല്ലാതെ സ്നേഹവും പിന്തുണയും അറിയിച്ചവരും ഒന്നും പറയാതെ സ്നേഹം മനസ്സിൽ സൂക്ഷിച്ചവരുമായ എല്ലാ പോലീസ് സഹപ്രവർത്തകർക്കും പ്രത്യേക നന്ദി.
തമ്പ്രാക്കൾ തീണ്ടപ്പാടകലെ നിർത്തിയ വിലക്കപെട്ടവനെ ഒരു ഫോൺ കോൾ കൊണ്ടോ ഒരു മെസ്സേജ് കൊണ്ടോ പോലും തൊട്ട് അശുദ്ധമാകാതെ ആത്മശുദ്ധി കാത്തു സൂക്ഷിച്ച ഞങ്ങളുടെ വിശുദ്ധ സംഘടനാ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.