തിരുവനന്തപുരം: കരട് യു.ജി.സി മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും വിശദ ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് മാത്രം പുതിയത് പുറപ്പെടുവിക്കണമെന്നുമാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായങ്ങൾ പൂര്‍ണമായും ഒഴിവാക്കുന്ന 2025ലെ കരട് യു.ജി.സി മാനദണ്ഡങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് അതത് സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ ഇനം 32 പ്രകാരം സര്‍വകലാശാലകളുടെ സ്ഥാപനം, മേല്‍നോട്ടം എന്നിവ സംബന്ധിച്ച അധികാരം സംസ്ഥാനങ്ങള്‍ക്കാണ്.
സർവകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിന് 80 ശതമാനത്തോളം തുക ചെലവിടുന്നതും സംസ്ഥാന സര്‍ക്കാറുകളാണ്. സര്‍വകലാശാലകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുഖ്യപങ്കുണ്ട്. ഇതെല്ലാം അവഗണിച്ച് ചര്‍ച്ച കൂടാതെ, വൈസ് ചാന്‍സലര്‍ നിയമനം പോലുള്ള സുപ്രധാന നിയമനങ്ങൾ, അധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവ സംബന്ധിച്ച് ഉള്‍ക്കൊള്ളിച്ച വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാറുകളെ പൂര്‍ണമായും മാറ്റിനിര്‍ത്തുന്നു.
കേന്ദ്ര സര്‍ക്കാറിന്റെയും യു.ജി.സിയുടെയും ഈ സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണ്. സർവകലാശാലകളില്‍നിന്ന് അക്കാദമിക് വിദഗ്ധരെ വേണമെങ്കില്‍ മാറ്റിനിര്‍ത്തി സ്വകാര്യ മേഖലയില്‍ നിന്നുപോലും വ്യക്തികളെ വൈസ് ചാന്‍സലര്‍മാരാക്കാമെന്ന സമീപനം ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കാനും മത-വര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ 2025ലെ കരട് യു.ജി.സി മാനദണ്ഡങ്ങളെ കാണാന്‍ കഴിയൂവെന്നും പ്രമേയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.