കൃത്യമായി അഭിപ്രായം പറഞ്ഞിട്ടും ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല; മുഖ്യമന്ത്രി വോട്ടെടുപ്പിൽ പരാതിയുമായി ഉദുമ എം.എൽ.എ നീലകണ്ഠൻ

കാസർകോട്: കോൺഗ്രസിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ എ.ഐ.സി.സി നിരീക്ഷകരുടെ അഭിപ്രായ രൂപീകരണത്തിലും വിവാദം. എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലിയാണ് പുതിയ വിവാദം. രേഖയിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠന്റെ പേരിന് നേരെ അഭിപ്രായം എഴുതിച്ചേർക്കുന്ന ഭാഗം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നിട്ടും രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. മുകുൾ വാസ്നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തുവെന്നും കെ. നീലകണ്ഠൻ വ്യക്തമാക്കി.

എ.ഐ.സി.സി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരും വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി. വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിലാണ് നീലകണ്ഠന്റെ പേരിനൊപ്പം ആർക്ക് പിന്തുണയെന്ന് ഒഴിച്ചിട്ടിരിക്കുന്നത്. എന്നാൽ ഇത് ആധികാരിക രേഖയല്ലെന്ന് പിന്നീട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രകടനങ്ങൾ നടക്കുന്നുണ്ട്.

അടുത്ത മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ യു.ഡി.എഫ് ഘടകകക്ഷികളും സമവായത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. വി.ഡി. സതീശന് വേണ്ടി വാദിക്കുന്ന മുസ്‍ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Uduma MLA Neelakandan files complaint against CM poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.